ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ട്രാക്ടർ റാലി നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയിരിക്കുന്ന ഹർജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അധ്യക്ഷനായ ബഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
ട്രാക്ടർ റാലി നടാത്താൻ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഡൽഹി പൊലീസ് നൽകിയ ഹർജിയിൽ സുപ്രീംകോടതി കർഷക സംഘടനകൾക്ക് നേരത്തെ നോട്ടീസ് നൽകിയിരുന്നു. റിപ്പബ്ലിക് ദിനാഘോഷങ്ങൾക്ക് ഏതെങ്കിലും തരത്തിൽ വിഘാതം സൃഷ്ടിക്കാനുള്ള ഏതൊരു നീക്കവും രാജ്യത്തിന് അവമതിപ്പുണ്ടാക്കുമെന്ന് ഡൽഹി പൊലീസ് സമർപ്പിച്ചിരിക്കുന്ന ഹർജിയിൽ പറയുന്നു.
പ്രതിഷേധിക്കാൻ ഏവർക്കും അവകാശമുണ്ടെന്നും എന്നാൽ രാജ്യത്തെ ലോകത്തിന് മുന്നിൽ അപമാനിക്കാൻ ആർക്കും അവകാശമില്ലെന്നും കേന്ദ്ര സർക്കാർ നേരത്തെ വ്യക്തമാക്കിയിരുന്നു. റിപ്പബ്ലിക് ദിനത്തിൽ ഏതൊരു വിധത്തിലുള്ള പ്രതിഷേധ സമരങ്ങളും തലസ്ഥാനത്ത് പ്രവേശിക്കുന്നത് തടയണമെന്നും കേന്ദ്രം ആവശ്യപ്പെട്ടിരുന്നു.
അതേസമയം റാലി റിപ്പബ്ലിക് ദിനാഘോഷങ്ങളെ ബാധിക്കുമെന്നും അത് വലിയ ക്രമസമാധാന പ്രശ്നത്തിന് കാരണമാകുമെന്നും ഡൽഹി പൊലീസിന്റെ അപേക്ഷയിൽ പറയുന്നു.
Discussion about this post