1026ൽ അഫ്ഗാൻ സുൽത്താൻ മുഹമ്മദ് ഗസ്നി തകർത്തു തരിപ്പണമാക്കി കൊള്ളയടിച്ച ഗുജറാത്തിലെ സോമനാഥ ക്ഷേത്രം ഇന്നും പ്രശസ്തിയുടെ കൊടുമുടിയിലാണ്. ഇപ്പോൾ സോംനാഥ് ക്ഷേത്രത്തിന്റെ ഭരണകാര്യങ്ങൾ കൈകാര്യം ചെയ്യുന്ന സോംനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ അദ്ധ്യക്ഷനായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ തെരഞ്ഞെടുത്തിരിക്കുകയാണ്.
ക്ഷേത്രം സുൽത്താൻ തകർത്തതിന് പിന്നാലെ സ്വതന്ത്ര ഇന്ത്യയിൽ സർദാർ പട്ടേലിന്റെ നേതൃത്വത്തിൽ സോമനാഥ ക്ഷേത്രം പുതുക്കിപ്പണിയുകയും, അന്നത്തെ പ്രധാനമന്ത്രിയായിരുന്ന ജവഹർലാൽ നെഹ്റുവിന്റെ എതിർപ്പിനെ മറികടന്ന് രാഷ്ട്രപതി ഡോ രാജേന്ദ്ര പ്രസാദ് ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യുകയായിരുന്നു. തൊണ്ണൂറുകളിൽ ശ്രീ എൽ കെ അദ്വാനി രഥയാത്ര ആരംഭിക്കാൻ തിരഞ്ഞെടുത്തതും സോംനാഥ് ക്ഷേത്രമാണ്.
പിന്നീട് കാലചക്രം ഉരുണ്ടപ്പോൾ അതേ നാട്ടിൽ നിന്ന് തന്നെ തേര് തെളിയിക്കാൻ നരേന്ദ്രമോദി എന്ന യുഗപുരുഷനെ രാജ്യത്തിന് സമ്മാനിച്ചു. സോംനാഥ് ക്ഷേത്ര ട്രസ്റ്റിന്റെ തലപ്പത്തേക്ക് പ്രധാനമന്ത്രി തന്നെ തിരഞ്ഞെടുക്കപ്പെടുന്നത് ഒരു ദിശാസൂചികയാണ്. എത്ര കൊടിയ അക്രമങ്ങൾക്ക് ഇരയാകേണ്ടി വന്നാലും കാലം കണക്ക് പറയുമെന്ന ചരിത്രത്തിന്റെ സൂചന. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രിയെ ട്രസ്റ്റിന്റെ അധ്യക്ഷനായി നിയമിച്ച വിവരം അറിയിച്ചത്.
പ്രധാനമന്ത്രിയ്ക്ക് അഭിനന്ദനങ്ങൾ അറിയിക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.സോംനാഥ് ക്ഷേത്രത്തിന്റെ വികസനത്തിനായുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആത്മാർത്ഥത അതിശയകരമാണ്. സോംനാഥ് ക്ഷേത്രത്തിന്റെ അദ്ധ്യക്ഷനാകുന്ന പ്രധാനമന്ത്രിയ്ക്ക് അഭിനന്ദങ്ങൾ- അമിത് ഷാ ട്വിറ്ററിൽ കുറിച്ചു. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള ട്രസ്റ്റ് ക്ഷേത്രത്തിന്റെ അന്തസും പ്രശസ്തിയും വർധിപ്പിക്കുമെന്ന് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കേശുഭായ് പട്ടേൽ അന്തരിച്ചതോടെയാണ് ട്രസ്റ്റ് അദ്ധ്യക്ഷ സ്ഥാനത്ത് ഒഴിവു വന്നത്. ദീർഘകാലമായി കേശുഭായ് പട്ടേൽ ആയിരുന്നു ട്രസ്റ്റിന്റെ അദ്ധ്യക്ഷൻ. ഓൺലൈൻ യോഗത്തിൽ ഐക്യകണ്ഠേനയാണ് നരേന്ദ്രമോദിയെ തെരഞ്ഞെടുത്തതെന്ന് ട്രസ്റ്റ് ഭാരവാഹികൾ വ്യക്തമാക്കി.








