രാമക്ഷേത്ര നിർമ്മാണത്തിനായി സംഭാവന നടക്കുമ്പോൾ തികച്ചും വൈകാരിക രംഗങ്ങളാണ് പലയിടത്തു നിന്നും കാണാനാവുന്നത്. ഇത്തരത്തിൽ ഉള്ള ഒരു അനുഭവ കഥയാണ് ഈ കുറിപ്പ്. അത് ഇങ്ങനെ,
മംഗലാപുരത്ത് ഹൊസബെട്ടു എന്ന സ്ഥലത്തെ കടംബോടി എന്ന പ്രദേശത്ത് ഇന്ന് അയോദ്ധ്യ രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് നിർമ്മിക്കുന്ന ക്ഷേത്രത്തിനായി ജന സംഗ്രഹ അഭിയാൻ പരിപാടിയിൽ പങ്കെടുത്തു. രാവിലെ 10 മണി മുതൽ ഉച്ചക്ക് 2 മണി വരെ സമയം കൊണ്ട് 29 വീടുകളിൽ സമ്പർക്കം നടത്തി. 10 രൂപ,100 രൂപ, 1000 രൂപ കൂപ്പണുകളും 2000 ന് മുകളിൽ രസീത് ബുക്കുമാണ് ട്രസ്റ്റ് ഏൽപ്പിച്ചിട്ടുള്ളത്.
ശ്രീരാമചന്ദ്രഭഗവാനോട് ജനങ്ങൾക്കുള്ള ഭക്തി നേരിട്ട് കാണുവാനിടയായപ്പോൾ കണ്ണ് നിറഞ്ഞ് പോയി.
കൊറോണ സമയത്ത് സാമ്പത്തിക പ്രതിസന്ധി നേരിട്ട് ഒരു നേരത്തെ ഭക്ഷണം ഉപേക്ഷിച്ചിരുന്ന വീട്ടിൽ നിന്നും 2000 രൂപയാണ് തന്നത്. സാമ്പത്തിക ബുദ്ധിമുട്ട് നന്നായറിയാവുന്ന കാര്യകർത്താവ് 100 രൂപ മതിയെന്ന് പറഞ്ഞിട്ടും വാശി പിടിച്ച് 1000 രൂപയുടെ 2 കൂപ്പണുകൾ മുറിച്ചു.
ഒരു സ്ഥലത്ത് ഗൃഹനാഥൻ ഉണ്ടായിരുന്നില്ല. വീട്ടിലെ അമ്മ 100 രൂപയുടെ കൂപ്പൺ മുറിച്ചു. ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ ഗൃഹനാഥൻ ഓടിക്കിതച്ച് വന്ന് നമ്മളെ കണ്ടെത്തി 1000 രൂപയുടെ മൂന്ന് കൂപ്പണുകൾ – രണ്ടെണ്ണം മക്കളുടെ പേരിലും വേണമെന്നായി.
2010 ൽ അലഹാബാദ് ഹൈക്കോടതി വിധി വന്നതിന് ശേഷം ബാങ്ക് അക്കൗണ്ട് ഉണ്ടാക്കി മാസം തോറും 1000 രൂപ ക്ഷേത്രത്തിന് വേണ്ടി നിക്ഷേപിച്ച കർസേവകൻ്റെ വീട്ടിലും പോകാൻ ഭാഗ്യമുണ്ടായി. ഒരു ലക്ഷം രൂപയുടെ ചെക്ക് ആണ് അദ്ദേഹം എഴുതി തന്നത്. ബാക്കിയുള്ള തുക – ഏതാണ്ട് നാൽപ്പതിനായിരം രൂപ എനിക്ക് രാമക്ഷേത്രം കാണാൻ പോകാൻ വേണം എന്ന് പറഞ്ഞ് അദ്ദേഹം പൊട്ടിക്കരഞ്ഞു.
നിഷ്കളങ്ക രാമഭക്തിയുടെ മുന്നിൽ നമ്മൾ കോരിത്തരിച്ച് പോയ ധാരാളം മുഹൂർത്തങ്ങൾ ഇന്നുണ്ടായി. ഒരു കാര്യം ഉറപ്പാണ് – ഭാരതം എന്ന രാഷ്ട്രത്തിൻ്റെ ആത്മാവിനെ നോവിക്കാൻ സാധിക്കുമായിരിക്കാം – പക്ഷേ നശിപ്പിക്കാൻ സാധ്യമല്ല. 500 വർഷങ്ങൾ അടിമത്തത്തിൻ്റെ പ്രതീകമായി അയോദ്ധ്യയിൽ തർക്കമന്ദിരം എങ്ങിനെ നില നിന്നു എന്നത് അത്ഭുതമായി തോന്നുന്നു.
അത്ര കണ്ട് ക്രൂരത ഹിന്ദുക്കൾക്കെതിരെ നടന്നിട്ടുണ്ട് എന്നത് ആയിരിക്കണം വാസ്തവം. 500 വർഷങ്ങളിലായി രാമക്ഷേത്രത്തിനായി പൊരുതി ജീവിതം ആഹുതി ചെയ്ത 4 ലക്ഷത്തിൽ പരം ബലിദാനികളുണ്ടെന്നാണ് കണക്ക്. ആ ബലിദാനികളുടെ ആത്മാക്കളുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.
ജയ് ശ്രീറാം.
Discussion about this post