തുച്ഛമായ വിലയിൽ രാജ്യത്തെ ജനങ്ങൾക്കും അയൽരാജ്യങ്ങൾക്കും കൊവിഡ് വാക്സിൻ നൽകുന്ന രാജ്യം ഇന്ത്യ മാത്രമായിരിക്കും. ജനുവരി 14ന് ആരംഭിച്ച സൗജന്യ വാക്സിൻ വിതരണം ഭാരതത്തിലെ ജനങ്ങൾക്ക് ആശ്വാസമായിരിക്കുകയാണ്. ഹൈദരാബാദ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിയ്ക്കുന്ന ഭാരത് ബയോടെക്ക് 295 രൂപയാണ് ഒരു ഡോസ് കൊവിഡ് വാക്സിന് ഈടാക്കുന്നത്. 55 ലക്ഷം കൊവാക്സിൻ ഓര്‍ഡറാണ് കേന്ദ്ര സര്‍ക്കാര്‍ നൽകിയിരിക്കുന്നത്.
അതേസമയം സിറം ഇൻസ്റ്റിറ്റ്യൂട്ടും ഒക്സ്ഫോര്‍ഡ് സര്‍വകലാശാലയും ചേര്‍ന്ന് നിര്‍മിയ്ക്കുന്ന കൊവിഡ് വാക്സിൻ 200 രൂപയ്ക്കാണ് ലഭിക്കുന്നത്. കൊവീഷീൽഡിൻ്റെ ആദ്യ 10 കോടി ഡോസാണ് കുറഞ്ഞ ചെലവിൽ സര്‍ക്കാരിന് നൽകുന്നത്. കൊവിഷീൽഡിനും കൊവാക്സിനും പുറമെ മറ്റു മരുന്നു നിര്‍മാണ കമ്പനികളുടെ വാക്സിനുകളും ഉടൻ വിണിയിൽ എത്തും.നിലവിൽ ഏറ്റവും കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന വാക്സിൻ കൊവിഷീൽഡാണ്.
കൊവാക്സിന് ആദ്യഘട്ടത്തിൽ 206 രൂപ വീതവും പിന്നീട് 295 രൂപ വീതവുമായിരിക്കും ഈടാക്കുക. എന്നാൽ വിദേശ വാക്സിനുകൾക്ക് പൊള്ളുന്ന വിലയാണ്. ദേശീയ റിപ്പോര്‍ട്ടുകൾ അനുസരിച്ച് ഫൈസര്‍- ബയോൺടെക്ക് വാക്സിന് 1431 രൂപയാണ്. ജോൺസൺ ആൻഡ് ജോൺസൺ 734 രൂപയ്ക്ക് വാക്സിൻ ലഭ്യമാക്കുമ്പോൾ സിനോഫാം വാക്സിൻ വില 5,650 രൂപയായിരിയ്ക്കും എന്നാണ് സൂചന. മോഡേണ 2,348 രൂപയ്ക്കും 2,715 രൂപയ്ക്കും ഇടയിലുള്ള വിലയ്ക്കാകും വാക്സിൻ ലഭ്യമാക്കുക.
സിനോവാക് ബയോടെക് 1,027 രൂപയാണ് വാക്സിൻ വില നിശ്ചയിച്ചിരിയ്ക്കുന്നത്. നൊവാവാക്സ് ഡോസിന് 1,114 രൂപയായിരിയ്ക്കും വില.രാജ്യത്ത് കഴിഞ്ഞ ശനിയാഴ്ച മുതല്‍ മുന്‍ഗണനാ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് കോവിഡ് വാക്സിന്‍ കുത്തിവച്ച് തുടങ്ങിയിരുന്നു. എന്നാല്‍ നിസാരമായ പാര്‍ശ്വഫലങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുള്ളത്. ഇപ്പോഴിതാ കോവിഡ് വാക്സിനുവേണ്ടി ഇന്ത്യയെ ഇതുവരെ സമീപിച്ചത് 92 രാജ്യങ്ങളെന്ന് റിപ്പോര്‍ട്ട്. ബൊളീവിയ, ഡൊമിനിക്കന്‍ റിപ്പബ്ലിക് എന്നിവ അടക്കമുള്ള രാജ്യങ്ങളും വാക്സിനുവേണ്ടി ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.
ഇന്ത്യയില്‍ നിര്‍മ്മിച്ച വാക്സിനുകള്‍ക്ക് പാര്‍ശ്വഫലങ്ങള്‍ കുറവാണെന്ന വിലയിരുത്തലാണ് അവ ഉപയോഗിക്കാന്‍ നിരവധി രാജ്യങ്ങളെ പ്രേരിപ്പിക്കുന്നതെന്നാണ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്. ഭൂട്ടാന്‍, മാലെദ്വീപ്, നേപ്പാള്‍, ബംഗ്ലാദേശ് എന്നീ അയല്‍രാജ്യങ്ങള്‍ക്ക് വാക്സിന്‍ ഇതിനോടകം വാക്സിന്‍ നല്‍കിക്കഴിഞ്ഞു. മ്യാന്മര്‍, സീഷെല്‍സ് എന്നീ രാജ്യങ്ങളിലേക്കുള്ള വാക്സിനുകള്‍ വെള്ളിയാഴ്ച അവിടെയെത്തും.ശ്രീലങ്ക, അഫ്ഗാനിസ്താന്‍, മൗറീഷ്യസ് എന്നീ രാജ്യങ്ങളിലേക്കും വാക്സിന്‍ അയയ്ക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.
Discussion about this post