മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗ് 2021ന്റെ ലേലത്തീയതി തീരുമാനിച്ചു. ഫെബ്രുവരി 18നാണ് താര ലേലം. ഫെബ്രുവരി 4 വരെ ഫ്രാഞ്ചൈസികൾക്ക് താരങ്ങളെ കൈമാറ്റം ചെയ്യാം. കഴിഞ്ഞ സീസണിൽ കളിച്ച 139 കളിക്കാരെ ഫ്രാഞ്ചൈസികൾ നിലനിർത്തിയപ്പോൾ 54 പേരെ റിലീസ് ചെയ്തു.
സ്റ്റീവൻ സ്മിത്തിനെ രാജസ്ഥാൻ റോയൽസ് റിലീസ് ചെയ്തു. മലയാളി താരം സഞ്ജു സാംസണാണ് രാജസ്ഥാന്റെ ഈ സീസണിലെ ക്യാപ്ടൻ.
അതേസമയം ഈ വർഷത്തെ ഐപിഎല്ലിന്റെ വേദിയുടെ കാര്യത്തിൽ ഇതു വരെ തീരുമാനമായിട്ടില്ല. കൊവിഡ് പ്രതിസന്ധിയാണ് ഇത്തവണയും വില്ലനായിരിക്കുന്നത്. ഈ വർഷത്തെ ടൂർണമെന്റ് ഇന്ത്യയിൽ നടത്താനാണ് ബിസിസിഐക്ക് താത്പര്യം. ഫെബ്രുവരി അഞ്ചിന് ആരംഭിക്കുന്ന ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിന്റെ സുരക്ഷിതമായ നടത്തിപ്പ് അതു കൊണ്ട് തന്നെ പരമ പ്രധാനമാണ്.
ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനം മാർച്ച് 28 വരെയാണ്. ഏപ്രിൽ മാസത്തിലാണ് ഐപിഎൽ നടത്താൻ തീരുമാനിച്ചിരിക്കുന്നത്.












