കൊൽക്കത്ത: നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ നൂറ്റിയിരുപത്തിയഞ്ചാം ജന്മവാർഷിക ദിനമായ ഇന്ന് രാജ്യം പരാക്രം ദിവസ് ആയി ആചരിക്കുന്നു. ഇതിന്റെ ഭാഗമായി കൊല്‍ക്കത്ത വിക്ടോറിയ മെമ്മോറിയല്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ പരിപാടിയില്‍ പ്രധാനമന്തി നരേന്ദ്ര മോദി പങ്കെടുക്കും. തുടര്‍ന്ന് അത്യാധുനിക സൗകര്യങ്ങളോടെ നിര്‍മ്മിച്ച പ്രദർശന ശാല അദ്ദേഹം ഉദ്ഘാടനം ചെയ്യും.
അസമിലെ ശിവസാഗര്‍ ജില്ലയില്‍ 1.06 ലക്ഷം പേര്‍ക്ക് പട്ടയം വിതരണം ചെയ്യുന്ന പരിപാടിയിലും പ്രധാനമന്ത്രി പങ്കെടുക്കും. ബിജെപിയുടെ ബംഗാളിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രഖ്യാപനം കൂടിയാകും പ്രധാനമന്ത്രിയുടെ ഇന്നത്തെ സന്ദർശനം. എല്ലാ മാസവും ബംഗാൾ സന്ദർശിച്ച് പ്രചാരണം നയിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുണ്ടാകും.
ബംഗാളിൽ ഭരണം പിടിക്കാനുള്ള കഠിന പരിശ്രമത്തിലാണ് ബിജെപി. പ്രധാനമന്ത്രിക്ക് പിന്നാലെ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും എല്ലാ മാസവും പശ്ചിമബംഗാള്‍ സന്ദര്‍ശിച്ച് പ്രചാരണ പരിപാടികൾക്ക് നേതൃത്വം നൽകും. മുന്‍ മന്ത്രി സുവേന്ദു അധികാരിയടക്കം തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് വലിയൊരു വിഭാഗം ബിജെപിയിലേക്കെത്തിയത് പാർട്ടിക്ക് വലിയ നേട്ടമാണ്.
കൂടാതെ അസമിലും തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. അവിടെയും ഭരണം നിലനിർത്താനുള്ള പരിശ്രമങ്ങൾക്ക് പ്രധാനമന്ത്രിയും അമിത് ഷായും നേരിട്ട് നേതൃത്വം നൽകും.
Discussion about this post