തിരുവനന്തപുരം: എല്ലാ അമ്മമാർക്കും വേണ്ടി സത്യം പുറത്തുവരണമെന്ന് കടയ്ക്കാവൂർ പോക്സോ കേസിലെ പ്രതിയായ അമ്മ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മകനെ പിഡീപ്പിച്ചതായുള്ള കേസ് കെട്ടിച്ചമച്ചതാണെന്നും തന്നെ കുടുക്കിയതാണെന്നും അവർ പറഞ്ഞു.
കഴിഞ്ഞ ദിവസമാണ് ജയിൽ മോചിതയായത്. കേസിൽ അട്ടിമറി നടന്നോ എന്ന് അറിയില്ല. സത്യം പുറത്തുവരുമെന്നും നീതി ലഭിക്കുമെന്നും വിശ്വസിക്കുന്നുവെന്നും അവർ പറഞ്ഞു.
തന്റെ കൂടെയുള്ള മകനെ തിരിച്ചുവേണമെന്ന് ആവശ്യപ്പെട്ടിരുന്നു. വിട്ടുകൊടുക്കാത്തതിനാൽ, എന്തു വിലകൊടുത്തും കൊണ്ടു പോകുമെന്ന് ഭർത്താവ് ഭീഷണിപ്പെടുത്തി. ജോലി സ്ഥലത്തുനിന്ന് സ്റ്റേറ്റ്മെന്റ് എടുക്കാനെന്നു പറഞ്ഞാണ് പൊലീസ് കൊണ്ടുപോയത്. അവിടെ എത്തിയപ്പോഴാണ് മകന്റെ പരാതിയിൽ റിമാൻഡ് ചെയ്യുകയാണെന്നു പറഞ്ഞത്.
ഭർത്താവിന്റെ രണ്ടാം ഭാര്യയും ഗൂഢാലോചനയിൽ പങ്കാളിയാണെന്ന് സംശയമുണ്ട്. ഭർത്താവ് നേരത്തെ കുട്ടികളെ മർദിക്കുമായിരുന്നു. മകനു താൻ നൽകിയതായി പൊലീസ് പറയുന്നത് ഏതു ഗുളികയാണെന്ന് അറിയില്ല. മകനെ ഭീഷണിപ്പെടുത്തി തനിക്കെതിരെ പറയിച്ചതാകാം. പരാതി നൽകിയ മകനും ഇപ്പോൾ മാനസിക വിഷമം അനുഭവിക്കുന്നുണ്ടാകും.
തനിക്കെതിരെ പരാതി നൽകിയ മകന് അലർജിയുള്ളതിനാൽ ഡോക്ടറെ കാണിച്ച് മരുന്നു നൽകിയിരുന്നു. കുട്ടികളെ തിരിച്ചുകിട്ടാനാണ് കേസ് കൊടുത്തതെന്നും യുവതി പറഞ്ഞു.
Discussion about this post