ഡൽഹി: റിപ്പബ്ലിക് ദിനത്തിൽ ഡൽഹിയിൽ നടന്ന അതിക്രമങ്ങളെ ശക്തമായി അപലപിച്ച് രാഷ്ട്രപതി രാമ്നാഥ് കോവിന്ദ്. കർഷക നിയമങ്ങളുടെ പേരിൽ നടന്ന അതിക്രമങ്ങൾ അങ്ങേയറ്റം ദൗർഭാഗ്യകരമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര സർക്കാർ നടപ്പിലാക്കിയ കാർഷിക നിയമങ്ങളെ അദ്ദേഹം ശക്തമായി പിന്തുണച്ചു.
കാർഷിക നിയമങ്ങൾ സമഗ്രമായ ചർച്ചകൾക്ക് ശേഷമാണ് പാർലമെന്റ് പാസാക്കിയത്. സ്വാമിനാഥൻ കമ്മീഷന്റെ നിർദ്ദേശങ്ങൾ കേന്ദ്രസർക്കാർ നടപ്പിലാക്കും. ഇത് പ്രകാരം കാർഷിക ഉത്പന്നങ്ങൾക്ക് വിലയുടെ ഒന്നരയിരട്ടി താങ്ങുവില ലഭ്യമാക്കും. കൂടാതെ സംഭരണ കേന്ദ്രങ്ങളുടെ എണ്ണം കൂട്ടുമെന്നും രാഷ്ട്രപതി പറഞ്ഞു.
രാജ്യത്തെ പത്ത് കോടിയിലധികം വരുന്ന ചെറുകിട കർഷകർക്ക് ഗുണപ്രദമാണ് കേന്ദ്രസർക്കാർ നടപ്പിൽ വരുത്തിയ പരിഷ്കരണങ്ങൾ. ഇതിന് രാജ്യത്തെ ഭൂരിപക്ഷം രാഷ്ട്രീയ പാർട്ടികളുടെയും പിന്തുണയുണ്ട്. നിലവിൽ കാർഷിക നിയമങ്ങൾ സുപ്രീം കോടതിയുടെ നിർദ്ദേശ പ്രകാരം നിർത്തി വെച്ചിരിക്കുകയാണ്. കോടതിയുടെ നിർദ്ദേശങ്ങളെ സർക്കാർ മാനിക്കുകയാണെന്നും രാഷ്ട്രപതി കൂട്ടിച്ചേർത്തു.
Discussion about this post