ഡല്‍ഹി: രാജ്യത്തിന് പ്രതീക്ഷകള്‍ നല്‍കി ഇന്ന് കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ നടത്തുന്ന പ്രഖ്യാപനങ്ങളെ പ്രതീക്ഷയോടെയാണ് രാജ്യം ഉറ്റുനോക്കുന്നത്. ധനകാര്യ പ്രതിസന്ധികളും സമ്പദ്‍വ്യവസ്ഥയുടെ വീണ്ടെടുക്കലും വാക്സിനേഷനും ബജറ്റിന്റെ പ്രധാന അജണ്ടകളായേക്കുമെന്നാണ് കണക്കാക്കുന്നത്. പതിനൊന്ന് മണിക്ക് ധനമന്ത്രി അവതരിപ്പിക്കുന്ന ബജറ്റ് പൂര്‍ണമായും കടലാസ് രഹിതമായ, ചരിത്രത്തിലെ ആദ്യ കേന്ദ്ര ബജറ്റ് ആയിരിക്കും. ബജറ്റ് അവതരിപ്പിച്ച ശേഷം വിവരങ്ങള്‍ പ്രത്യേകം വികസിപ്പിച്ച ആപ്പില്‍ ലഭ്യമാകും.
ആരോഗ്യ സംരംക്ഷണവുമായി ബന്ധപ്പെട്ട് ചെലവിടല്‍ വര്‍ധിപ്പിക്കാനും സര്‍ക്കാരിന്റെ സ്വകാര്യവത്കരണം വേഗത്തിലാക്കാനുമുളള നടപടികള്‍ ബജറ്റിലുണ്ടായേക്കുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
ആദ്യത്തെ പേപ്പര്‍ രഹിത ബജറ്റില്‍ കൊവിഡിനെ തുടര്‍ന്നുണ്ടായ വളര്‍ച്ചാ ഇടിവ് പരിഹരിക്കുക എന്നതാകും ലക്ഷ്യം. കാര്‍ഷിക-ആരോഗ്യ-തൊഴില്‍-വ്യവസായ മേഖലകളില്‍ സുപ്രധാന നിര്‍ദ്ദേശങ്ങള്‍ ബജറ്റ് മുന്നോട്ട് വച്ചേക്കും.
കൊവിഡ് പശ്ചാത്തലത്തില്‍ ‘മുമ്പൊരിക്കലുമുണ്ടാകാത്ത ‘ ബജറ്റായിരിക്കും താന്‍ അവതരിപ്പിക്കുക എന്ന് ധനമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്.
നിലവിലെ പ്രതിസന്ധി തരണം ചെയ്യാന്‍ കേവലം ഒരു മേഖലയില്‍ മാത്രം കരുതല്‍ നല്‍കിയാല്‍ പോരെന്നാണ് കേന്ദ്രസര്‍ക്കാര്‍ വിലയിരുത്തല്‍. എല്ലാ ബജറ്റിലും രാജ്യത്തെ കാര്‍ഷിക രംഗത്തിന് പ്രത്യേക പരിഗണന നല്‍കുന്ന കേന്ദ്ര സര്‍ക്കാര്‍, ഇക്കുറി ഇതേ പരിഗണന എല്ലാ മേഖലകള്‍ക്കും നല്‍കുമെന്നാണ് കണക്കാക്കുന്നത്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അവതരിപ്പിച്ച പ്രത്യേക സാമ്പത്തിക പാക്കേജില്‍ എല്ലാ മേഖലകളെയും ഉള്‍പ്പെടുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് വരാനിരിക്കുന്ന പ്രഖ്യാപനങ്ങളെ കാണേണ്ടതെന്നാണ് പ്രധാനമന്ത്രിയും വ്യക്തമാക്കുന്നത്.
കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇക്കുറി പൊതുജനാരോഗ്യ മേഖലയില്‍ സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുമെന്നാണ് കരുതുന്നത്. പൊതുജനാരോഗ്യത്തിനായി കൂടുതല്‍ തുക നീക്കിവെയ്ക്കുമെന്നാണ് വിലയിരുത്തല്‍.
കൂടുതല്‍ തൊഴില്‍ സാദ്ധ്യതകള്‍ സൃഷ്ടിക്കുന്നതിനുള്ള പ്രഖ്യാപനങ്ങളും, ഗ്രാമീണ വികസനത്തിനായുള്ള പ്രഖ്യാപനങ്ങളും പ്രതീക്ഷിക്കുന്നുണ്ട്. അടിസ്ഥാന സൗകര്യ വികസനത്തിനും പ്രതിരോധ മേഖലയ്ക്കും ഇക്കുറി പ്രത്യേക പരിഗണന ലഭിക്കും. സാധാരണക്കാരുടെ സാമ്പത്തിക ബാദ്ധ്യത കുറയ്ക്കാന്‍ നികുതി ഇളവുകളും പ്രതീക്ഷിക്കുന്നുണ്ട്.
Discussion about this post