ആലപ്പുഴ : സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 250 കോടി രൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന റയില്‍വേ മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിയ്ക്കുവാന്‍ കേരളത്തിന് സാധിക്കുന്നില്ല. കേരളത്തിലെ റയില്‍വേ പാതകളുടെ ഇരട്ടിപ്പിക്കലിനാണു റയില്‍വേ കഴിഞ്ഞ ബജറ്റില്‍ മുന്‍തൂക്കം നല്‍കിയത്. 450 കോടി രൂപയാണ് വിവിധ പാതകളുടെ ഇരട്ടിപ്പിക്കലിനായി നീക്കിവച്ചത്. കേരളത്തിന് ബജറ്റ് വിഹിതമായി അനുവദിച്ച 500 കോടിക്ക് പുറമെ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നു വായ്പയായി 500 കോടി രൂപയും നല്‍കാന്‍ റയില്‍വേ തയാറായി. എന്നാല്‍ കേരളം ഇതുവരെ ചെലവാക്കിയത് വെറും 80 കോടി രൂപ മാത്രം. അതിനിടെ, കേരളത്തിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന ചീഫ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ പി.കെ. മിശ്രയെ ചെന്നൈയിലെ ദക്ഷിണ റയില്‍വേ ആസ്ഥാനത്തേക്ക് സ്ഥലം മാറ്റുകയും ചെയ്തു.
വികസന പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുന്നതിന് കഴിഞ്ഞ ദിവസം റയില്‍വേ ബോര്‍ഡില്‍ ചേര്‍ന്ന ഉന്നതതല യോഗം കേരളത്തിന്റെ മെല്ലെപ്പോക്കു സംബന്ധിച്ച് കടുത്ത വിമര്‍ശനം ഉന്നയിച്ചു. അടുത്ത ആറു മാസത്തിനകം ബാക്കി 420 കോടി രൂപ ചെലവഴിക്കാന്‍ കേരളത്തിനു സാധിക്കില്ലെന്നാണ് റയില്‍വേ ബോര്‍ഡിന്റെ ആശങ്ക. അടുത്ത ബജറ്റില്‍ കേരളത്തിനുള്ള വിഹിതം കുറയാന്‍ വികസന രംഗത്തെ മെല്ലെപ്പോക്ക് ഇടയാക്കുമെന്ന് റയില്‍വേ ബോര്‍ഡ് മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേക പരിഗണന കൊടുക്കാന്‍ റയില്‍വേ മന്ത്രാലയം ദക്ഷിണ റയില്‍വേക്ക് നിര്‍ദേശം നല്‍കി. എറണാകുളം-കോട്ടയം പാതയുടെ പൂര്‍ത്തീകരണത്തിന്റെ മേല്‍നോട്ട ചുമതല ഡപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ക്ക് നല്‍കി.
സ്ഥലമെടുപ്പ് സംബന്ധിച്ച നടപടികളിലെയും പാത നിര്‍മാണത്തിനു നടത്തേണ്ട പ്രവര്‍ത്തനങ്ങളിലെയും കാലതാമസമാണ് ഇപ്പോഴത്തെ മന്ദഗതിയ്ക്കു കാരണം. എറണാകുളം-കോട്ടയം പാതയില്‍ ജല അതോറിറ്റിയുടെ പൈപ്പ് ലൈന്‍ മാറ്റുന്നത് സംബന്ധിച്ച പ്രശ്‌നമാണ് ഇരട്ടിപ്പിക്കലിനു ബുദ്ധിമുട്ടായത്. തീരദേശപാതയില്‍ കുമ്പളം-ഹരിപ്പാട് മേഖലയിലെ സ്ഥലമെടുപ്പും പൂര്‍ത്തിയായിട്ടില്ല. വിവിധ സ്റ്റേഷനുകളുടെ വികസനത്തിന് അനുവദിച്ച പണവും ചെലവഴിക്കാന്‍ സാധിച്ചില്ല.
Discussion about this post