ന്യൂഡല്‍ഹി; ‘നരേന്ദ്ര മോദിയെ താഴെയിറക്കാനും മോദിയുടെ ഫാസിസത്തിനെതിരായ പോരാട്ടം നടത്താനുമായി പോയ കുഞ്ഞാലിക്കുട്ടി എല്ലാം മതിയാക്കി വീണ്ടും കേരളത്തിലെ സുരക്ഷിത രാഷ്ട്രീയലാവണത്തിലേക്ക് മടങ്ങുന്നു. ലോക്സഭാംഗത്വം രാജിവച്ച് നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് കണ്ണുവയ്ക്കുകയാണ് കുഞ്ഞാലിക്കുട്ടി. ഇ അഹമദിന്റെ മരണത്തെ തുടര്‍ന്ന് 2017ലാണ് കുഞ്ഞാലിക്കുട്ടി ലോക്സഭയിലേക്ക് എത്തിയത്.
വേങ്ങരയില്‍നിന്നുള്ള നിയമസഭാംഗത്വം രാജിവച്ചാണ് ലോക്സഭയിലേക്ക് മത്സരിച്ചത്. ബിജെപിക്കെതിരെ മതേതര ചേരിയെ ശക്തിപ്പെടുത്തുകയാണ് ദൗത്യമെന്നായിരുന്നു അവകാശവാദം.കഷ്ടിച്ച് നാലുവര്‍ഷംമാത്രം നീണ്ട കുഞ്ഞാലിക്കുട്ടിയുടെ ഡല്‍ഹിയിലെ ‘ഫാസിസ്റ്റ് വിരുദ്ധ’ പോരാട്ടത്തില്‍ ഓര്‍മയില്‍ നില്‍ക്കുന്ന ഒരു നിമിഷവും ഇല്ലെന്ന് മാത്രമല്ല, നിര്‍ണായക ഘട്ടത്തില്‍ അഭാവംകൊണ്ട് ശ്രദ്ധിക്കപ്പെടുകയും ചെയ്തു.
എംപിയായിരിക്കെ രണ്ട് പ്രധാന വോട്ടെടുപ്പുകളില്‍നിന്ന് കുഞ്ഞാലിക്കുട്ടി വിട്ടുനിന്നത് മുസ്ലിംലീഗിലും വിവാദം സൃഷ്ടിച്ചു. 2017 ആഗസ്തിലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പാണ് ഇതിലൊന്ന്. ബിജെപി നേതാവ് വെങ്കയ്യ നായിഡുവും മഹാത്മാഗാന്ധിയുടെ കൊച്ചുമകന്‍ ഗോപാല്‍കൃഷ്ണ ഗാന്ധിയും തമ്മിലായിരുന്നു മത്സരം. ലോക്സഭയില്‍ 73 ശതമാനമാണ് കുഞ്ഞാലിക്കുട്ടിയുടെ ഹാജര്‍ നില. കഴിഞ്ഞ വര്‍ഷകാല സമ്മേളനത്തില്‍ 60 ശതമാനം ദിവസങ്ങളില്‍മാത്രമേ കുഞ്ഞാലിക്കുട്ടി ലോക്സഭയില്‍ എത്തിയുള്ളൂ.
നാലുവര്‍ഷം എംപിയായിരിക്കെ ആകെ 28 ചര്‍ച്ചയില്‍മാത്രമാണ് സംസാരിച്ചത്. കേരളത്തില്‍നിന്നുള്ള എംപിമാര്‍ ശരാശരി 35 ചര്‍ച്ചയില്‍ പങ്കെടുത്തപ്പോഴാണിത്. ആകെ 58 ചോദ്യംമാത്രമാണ് ഉന്നയിച്ചത്. കേരളത്തിലെ മറ്റ് എംപിമാരുടെ ശരാശരി ഹാജര്‍ 83 ശതമാനമാണ്. വോട്ടെടുപ്പ് ദിവസം കുഞ്ഞാലിക്കുട്ടിയും ലീഗിന്റെ രാജ്യസഭാംഗം പി വി അബ്ദുള്‍വഹാബും എത്തിയില്ല.
വിമാനം വൈകിയെന്നായിരുന്നു ന്യായീകരണം. വെങ്കയ്യ തെരഞ്ഞെടുപ്പില്‍ ജയിച്ചു. മുത്തലാഖ് ക്രിമിനല്‍ കുറ്റമാക്കിയുള്ള നിയമത്തിന്റെ വോട്ടെടുപ്പിലും കുഞ്ഞാലിക്കുട്ടി പങ്കെടുത്തില്ല. 2018 ഡിസംബര്‍ അവസാനമാണ് ബില്ല് ലോക്സഭ വോട്ടിനെടുത്തത്.ഈ ദിവസം കുഞ്ഞാലിക്കുട്ടി ഇന്ത്യയില്‍ത്തന്നെ ഉണ്ടായിരുന്നില്ല. അബുദാബിയില്‍ ഒരു വ്യവസായിയുടെ വിവാഹസല്‍ക്കാരത്തിന്റെ തിരക്കിലായിരുന്നു അദ്ദേഹം.
Discussion about this post