ഡല്‍ഹി: ആക്ടിവിസ്റ്റ് രഹനാ ഫാത്തിമയ്ക്ക് താക്കീതുമായി സുപ്രീം കോടതി. മറ്റു മതങ്ങളെ അപമാനിക്കാനോ, മത വികാരം വ്രണപ്പെടുത്താനോ സാമൂഹിക മാദ്ധ്യമങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി നിര്‍ദ്ദേശിച്ചു. മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനത്തിന് വിലക്കേര്‍പ്പെടുത്തിക്കൊണ്ടുള്ള കേരള ഹൈക്കോടതി ഉത്തരവിനെതിരെ രഹ്ന സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ താക്കീത്.
ജസ്റ്റിസ് രോഹിംഗ്ടണ്‍ നരിമാന് അദ്ധ്യക്ഷനായ ബെഞ്ചാണ് രഹ്നയുടെ ഹര്‍ജി പരിഗണിച്ചത്. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നോട്ടീസ് അയച്ചു. ഹൈക്കോടതിയില്‍ വിചാരണ അവസാനിച്ചുവെന്നും, പിന്നീടും മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനത്തിന് തുടരുന്ന വിലക്ക് നീക്കണമെന്നും രഹ്നയുടെ അഭിഭാഷകന് ആവശ്യപ്പെട്ടു. രഹ്നയ്ക്കായി അഭിഭാഷകന് കോളിന് ഗോണ്‍സാല്‍വസ് ആണ് ഹാജരായത്.
കഴിഞ്ഞ വര്‍ഷം നവംബര്‍ 23 നാണ് രഹ്ന ഹൈക്കോടതിയ്ക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചത്. സാമൂഹിക മാദ്ധ്യമത്തില്‍ രഹ്ന പങ്കുവെച്ച പാചക വീഡിയോയില്‍ മതവികാരത്തെ വ്രണപ്പെടുത്തിക്കൊണ്ടുള്ള പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് സാമൂഹിക മാദ്ധ്യമ ഉപയോക്താവ് നല്കിയ പരാതിയിലാണ് ഹൈക്കോടതി മാദ്ധ്യമങ്ങളിലൂടെയുള്ള അഭിപ്രായ പ്രകടനത്തിന് രഹ്നയ്ക്ക് വിലക്കേര്‍പ്പെടുത്തിയത്.
Discussion about this post