തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ നിയമന അഴിമതിക്കെതിരെ സമരം ചെയ്യുന്ന പി എസ് സി ഉദ്യോഗാർത്ഥികൾക്ക് ഐക്യദാർഢ്യവുമായി നടൻ കൃഷ്ണകുമാർ. സമരത്തിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിക്കുന്നതായി ബിജെപി അംഗം കൂടിയായ കൃഷ്ണകുമാർ അറിയിച്ചു. സമരപ്പന്തലിൽ എത്തിയ അദ്ദേഹം സമരം ചെയ്യുന്ന ഉദ്യോഗാർത്ഥികളുമായി സംസാരിച്ചു.
പിഎസ്സി റാങ്ക് ലിസ്റ്റില്‍ വന്നിട്ടും ജോലി ലഭിക്കാതെ കഷ്ടപ്പെടുന്ന എന്റെ കൊച്ചനുജത്തിമാരെയും അനുജന്മാരെയും നേരില്‍ കാണുവാനായി ഇന്ന് സെക്രട്ടറിയേറ്റിൽ അവരുടെ സമര മുഖത്ത് പോയി. അവരുമായി സംസാരിച്ചു. എന്തൊരു അനീതിയാണിത്! കേരളത്തിലെ ലക്ഷകണക്കിന് യുവാക്കള്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍ പ്രതീക്ഷയര്‍പ്പിച്ച്, ജോലി നല്‍കുമെന്ന സര്‍ക്കാരിന്റെ വാക്കും വിശ്വസിച്ച് അവരുടെ യൗവനം പാഴായി പോകുന്നു. എന്തിനു ഈ യുവജന വഞ്ചനയെന്ന് കൃഷ്ണകുമാർ ചോദിച്ചു.
അതേസമയം സർക്കാരിന്റെ നിയമന അഴിമതിയിൽ പ്രതിഷേധിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ നടക്കുന്ന സമരം ശക്തിയാർജ്ജിക്കുകയാണ്. വിജയം വരിക്കും വരെ സമരത്തിനൊപ്പം നിൽക്കുമെന്ന് പ്രഖ്യാപിച്ച് കഴിഞ്ഞ ദിവസം ബിജെപി സെക്രട്ടറിയേറ്റ് മാർച്ച് നടത്തി. സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് യുവമോർച്ച നടത്തിയ സമരത്തിന് നേർക്ക് പൊലീസ് ബലം പ്രയോഗിച്ചത് സംഘർഷത്തിനിടയാക്കി.
Discussion about this post