കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ എം ഷാജി എംഎല്‍എ. കേരളത്തിന്റെ അന്തകവിത്താണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് ഒരു സ്വകാര്യ ചാനലിന് നല്കി അഭിമുഖത്തില്‍ അദ്ദേഹം തുറന്നടിച്ചു. ഇങ്ങനെ വൈരം കാണിക്കുന്നൊരാള്‍ രാഷ്ട്രീയത്തില്‍ വേറെ ഇല്ലെന്നും മുഖ്യമന്ത്രി തന്നെ പിന്തുടര്ന്ന് തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്നും ഷാജി ആരോപിച്ചു.
‘അനധികൃത സ്വത്ത് സമ്പാദനക്കേസ് രാഷ്ട്രീയ പ്രേരിതമാണ്. ഇഞ്ചി കൃഷി ചെയ്ത് തന്നെയാണ് പണം സമ്പാദിച്ചത്’- അദ്ദേഹം വ്യക്തമാക്കി.
തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ കുറിച്ച നിലപാടും അദ്ദേഹം ചാനലിനോട് പങ്കുവെച്ചു. ആരോപണങ്ങള്‍ ഉയരുന്ന സമയത്ത് പിന്മാറിയാല് ക്ഷീണമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. പാര്‍ട്ടി പറഞ്ഞാല്‍ മാത്രം മത്സരത്തില്‍ നിന്ന് പിന്മാറും. അഴീക്കോടാണ് തന്റെ ഏറ്റവും സുരക്ഷിത മണ്ഡലമെന്നും കാസര്‍ഗോഡേക്ക് മാറാന്‍ ശ്രമിച്ചെന്ന പ്രചാരണം തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുഞ്ഞാലിക്കുട്ടിയുമായുള്ള അഭിപ്രായ വ്യത്യാസം ആശയപരമാണ്. അദ്ദേഹത്തിനോടുള്ള ഏതിര്‍പ്പുകള്‍ നേരിട്ട് പറയാറുണ്ടെന്ന് പറഞ്ഞ അദ്ദേഹം പാര്‍ട്ടിക്കകത്തെ റിബല്‍ ആണെന്ന മാധ്യമ വാര്‍ത്തകളില്‍ സന്തുഷ്ടനാണെന്നും കൂട്ടിച്ചേര്‍ത്തു. തന്നെ പോലെ എതിര്‍പ്പുയര്‍ത്താന്‍ സി.പി.എമ്മിലെ യുവനേതാവിന് പറ്റുമോ എന്നും കെ എം ഷാജി ചോദിച്ചു.
Discussion about this post