പത്തനംതിട്ട: എസ് എഫ് ഐ സംഘടിപ്പിച്ച പരിപാടിയിൽ പൊലീസുകാരൻ പങ്കെടുത്തു. ശ്രദ്ധയിൽ പെടുത്തിയിട്ടും നടപടിയെടുക്കാൻ തയ്യാറാകാതെ പൊലീസും സർക്കാരും.
ചെങ്ങന്നൂര്‍ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ വിവേകിനെതിരെയാണ് പരാതി. കഴിഞ്ഞ ഞായറാഴ്ച പന്തളത്ത് എസ്.എഫ്.ഐ. സംഘടിപ്പിച്ച പൂര്‍വകാല പ്രവര്‍ത്തകരുടെ കൂട്ടായ്മയില്‍ വിവേക് പങ്കെടുത്തുവെന്നാണ് ആരോപണം. ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയസംഘടനയുടെ പരിപാടിയില്‍ പങ്കെടുത്തത് ചട്ടവിരുദ്ധമാണെന്നും പരിപാടിയുടെ വീഡിയോ തങ്ങളുടെ കൈവശമുണ്ടെന്നും പരാതി നൽകിയ പൊതുപ്രവർത്തകർ പറയുന്നു.
കഴിഞ്ഞ ദിവസം രമേശ് ചെന്നിത്തലയുടെ പരിപാടിയിൽ പങ്കെടുത്ത പൊലീസുകാരെ സസ്പെൻഡ് ചെയ്തതും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. സമാനമായ നടപടിയാണ് ഇവിടെയും ആവശ്യം. സ്വന്തം പാർട്ടിക്കാർക്ക് ഒരു നീതിയും മറ്റുള്ളവർക്ക് വേറെയും എന്ന നിലപാട് ജനാധിപത്യ വിരുദ്ധമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു.












