തൃശൂർ: റെയിൽവേ സ്റ്റേഷന് സമീപത്തെ ഒറ്റമുറി കുടിലിൽ കഴിഞ്ഞ അർബുദ രോഗബാധിതനും കുടുംബത്തിനും വീട് വെച്ച് നൽകി സേവാഭാരതി. ലക്കിടി റെയിൽവേസ്റ്റേഷന് സമീത്ത് താമസിച്ചിരുന്ന ഉണ്ണികൃഷ്ണനും കുടുംബത്തിനുമാണ് സേവാഭാരതിയുടെ തണലിൽ വീടൊരുങ്ങിയത്.
അർബുദ രോഗ ബാധിതനായ കുടുംബനാഥൻ ഉണ്ണികൃഷ്ണൻ ചികിത്സ തുടരാൻ കഴിയാതെ ഒറ്റമുറി ഷെഡിൽ കഴിയുന്ന ദയനീയ കാഴ്ച കൊറോണ കാലത്ത് ഭക്ഷ്യക്കിറ്റ് വിതരണത്തിനിറങ്ങിയപ്പോഴാണ് സേവാഭാരതി പ്രവർത്തകരുടെ ശ്രദ്ധയിൽ പെട്ടത്. ഭാര്യയും മൂന്നും എട്ടും വയസ്സ് മാത്രം പ്രായമായ രണ്ടു പിഞ്ചുകുഞ്ഞുങ്ങളും ഉണ്ണികൃഷ്ണനൊപ്പം ആ കുടിലിലാണ് കഴിഞ്ഞിരുന്നത്.
സമൂഹത്തിന്റെ നാനാഭാഗത്ത് നിന്നുമുള്ള സുമനസ്സുകളുടെ സഹായത്തോടെ സേവാഭാരതി വീട് നിർമ്മാണം ആരംഭിച്ചു. ഉണ്ണികൃഷ്ണന് തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കുള്ള സൗകര്യവും ചെയ്തു കൊടുത്തു. പ്രതീക്ഷിച്ചതിലും വേഗത്തിൽ ഭവന നിർമ്മാണം പൂർത്തീകരിക്കാൻ സാധിച്ചതിന് പിന്നിൽ പ്രവർത്തകരുടെ സ്ഥിരോത്സാഹവും അർപ്പണ മനോഭാവവുമാണെന്ന് സേവാഭാരതി നേതൃത്വം വ്യക്തമാക്കുന്നു.
രണ്ടിമുറികളും അടുക്കളയും രണ്ട് ശുചിമുറികളും ആധുനിക സൗകര്യങ്ങളോടും കൂടിയ വീടാണ് സേവാഭാരതി നിർമ്മിച്ചു നൽകിയത്. ആർഎസ്എസ് സഹ പ്രാന്ത പ്രചാരക് എ. വിനോദ് വീടിന്റെ താക്കോൽ ദാന കർമ്മം ഇന്ന് നിർവ്വഹിച്ചു.
Discussion about this post