തഞ്ചാവൂർ: ഓടിളക്കി വീടിനകത്ത് പ്രവേശിച്ച കുരങ്ങന്മാർ ഇരട്ടക്കുട്ടികളെ തട്ടിക്കൊണ്ട് പോയി. എട്ടു ദിവസം പ്രായമുള്ള കുഞ്ഞുങ്ങളെയാണ് കുരങ്ങന്മാർ തട്ടിക്കൊണ്ട് പോയത്. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.
ഉറങ്ങിക്കിടക്കുകയായിരുന്ന ഇരട്ട പെൺകുട്ടികളെയാണ് കുരങ്ങന്മാർ കൈക്കലാക്കിയത്. കുഞ്ഞുങ്ങളെ കാണാതായതിൽ പരിഭ്രാന്തയായ അമ്മ മേൽക്കൂരയിൽ കുരങ്ങന്മാരെ കണ്ട് നിലവിളിച്ചു. നിലവിളി കേട്ട് അയല്വാസികൾ ഓടിയെത്തിയപ്പോഴേക്കും കുരങ്ങന്മാർ സ്ഥലം വിട്ടു. തുടർന്ന് നടത്തിയ പരിശോധനയില്‍ മേല്‍ക്കൂരയില്‍ നിന്ന് ഒരു കുട്ടിയെ ലഭിച്ചു.
രണ്ടാമത്തെ കുട്ടിയെ വീടിന് സമീപത്തെ ജലാശയത്തില്‍ നിന്നുമാണ് ലഭിച്ചത്. കരയ്ക്കെത്തിച്ചപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നു. സംഭവത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് നാട്ടുകാരിൽ ചിലർ ആരോപിക്കുന്നു. പ്രദേശത്ത് കുരങ്ങന്മാർ ധാരാളം ഉണ്ടെങ്കിലും ഇതു വരെ ഇത്തരം ഒരു സംഭവം ഉണ്ടായിട്ടില്ല. കുരങ്ങന്മാർ ഓടിളക്കി അകത്തു കടന്ന് മനുഷ്യക്കുട്ടികളെ തട്ടിക്കൊണ്ട് പോകുന്ന സംഭവം കേട്ടുകേൾവി പോലും ഇല്ലാത്തതാണെന്ന് പ്രദേശത്തെ മുതിർന്നവർ പറയുന്നു.











