മുസ്ലിം ലീഗ് എം.എൽ.എയുടെ നേതൃത്വത്തിൽ നടന്ന കുളം ഉദ്ഘാടന ചടങ്ങിനിടെ വനിതാ അംഗത്തെ കുളത്തിലേക്ക് തള്ളിയിട്ട സംഭവത്തിൽ രൂക്ഷവിമർശനവുമായി പ്രമുഖ ഇസ്‌ലാമിക പ്രഭാഷകനും കാന്തപുരം സുന്നി വിഭാഗം നേതാവുമായ വഹാബ് സഖാഫി മമ്പാട്. ഇവിടെ ശരിക്കും വീണുപോകുന്നത് കുളത്തിലേക്ക് മാത്രമല്ലെന്നും, ഇസ്ലാം വിരുദ്ധ ലിബറൽ സംസ്‌കാരത്തിലേക്ക് കൂടിയാണെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കി. പുതിയ തലമുറയെ ഇത്തരം അവസ്ഥകളിൽ നിന്ന് വഴിനടത്താൻ മതസംഘടനകളും സമുന്നത ഖാളിമാരും അടിയന്തരമായി മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഉദ്ഘാടന ചടങ്ങിനിടെ പാർട്ടിയിലെ തന്നെ മറ്റൊരു അംഗമാണ് വനിതാ പഞ്ചായത്ത് അംഗത്തെ വെള്ളത്തിലേക്ക് തള്ളിയിട്ടത്. ഈ സംഭവം സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ പ്രചരിക്കുകയും വിവാദമാവുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മുസ്ലിം പെൺകുട്ടികളിലുണ്ടാകുന്ന മാറ്റങ്ങളെക്കുറിച്ച് ലീഗ് നേതാവ് കെ.എം. ഷാജി മുൻപ് പങ്കുവെച്ച ആശങ്കകൾ വളരെ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടി വഹാബ് സഖാഫി രംഗത്തെത്തിയത്. കെ.എം. ഷാജിയുടെ ആശങ്കകൾ സമുദായം മുഖവിലയ്ക്കെടുക്കണമെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.
ലിബറലുകളും നിരീശ്വരവാദികളും മുസ്ലിം പെൺകുട്ടികളെ സ്വാധീനിക്കുന്നത് തടയാൻ വൈകരുതെന്നും, പുതിയ തലമുറയെ വഴിതെറ്റിക്കുന്ന പ്രവണതകൾക്കെതിരെ ഇടപെടാൻ മതപണ്ഡിതന്മാർ തയ്യാറാകണമെന്നും സഖാഫി കൂട്ടിച്ചേർത്തു. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് സമസ്ത കാന്തപുരം വിഭാഗത്തിന്റെ പ്രമുഖ പ്രഭാഷകനായ വഹാബ് സഖാഫി മമ്പാട് വിഷയം പരസ്യമായി ചർച്ചയാക്കിയത്.











