പാർട്ടി കോടതിയല്ലെന്നും എന്നാൽ തെറ്റ് ചെയ്തതായി കണ്ടെത്തിയാൽ യാതൊരു വിട്ടുവീഴ്ചയുമില്ലാതെ അച്ചടക്ക നടപടിയുണ്ടാകുമെന്നും സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കെ.കെ. ശൈലജ. ഏറ്റവും ചെറിയ കുറ്റങ്ങളിൽപോലും കൃത്യമായി നടപടിയെടുക്കുന്ന പാരമ്പര്യമാണ് പാർട്ടിക്കുള്ളതെന്നും അവർ വ്യക്തമാക്കി. കോഴിക്കോട്ട് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു കെ.കെ. ശൈലജ.
വിവാദപരമായ വിഷയങ്ങളിൽ മാധ്യമങ്ങളിൽ വരുന്ന വിവരങ്ങൾ മാത്രമാണ് തനിക്കുള്ളതെന്നും കാര്യങ്ങൾ വ്യക്തമായി പഠിക്കാതെ ഊഹാപോഹങ്ങളുടെ അടിസ്ഥാനത്തിൽ പ്രതികരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. പാർട്ടി എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ച ശേഷമേ അന്തിമ തീരുമാനമെടുക്കൂ. രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ താൻ ചാടിക്കയറി അഭിപ്രായം പറഞ്ഞിട്ടില്ലെന്നും, മാധ്യമങ്ങൾ വിവരങ്ങൾ പുറത്തുവിട്ട ശേഷമാണ് വിഷയത്തിൽ തന്റെ നിലപാട് വ്യക്തമാക്കിയതെന്നും ശൈലജ മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞു.
പാർട്ടിക്ക് വ്യക്തമായ ഭരണഘടനയും അച്ചടക്ക ചട്ടങ്ങളുമുണ്ടെന്നും അത് ലംഘിക്കുന്നവർക്കെതിരെ തരംതാഴ്ത്തൽ ഉൾപ്പെടെയുള്ള കർശനമായ നടപടികൾ മുൻപും സ്വീകരിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ ശൈലജ, സംഘടനാപരമായ കാര്യങ്ങളിൽ പാർട്ടി നേതൃത്വം ഉചിതമായ തീരുമാനമെടുക്കുമെന്നും വ്യക്തമാക്കി.










