മുംബൈ: പ്രമുഖ ബോളിവുഡ് നടന്‍ സന്ദീപ് നഹറിനെ മുംബൈ ഗൊരേഗാവിലെ തന്‍റെ അപ്പാര്‍ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മരണത്തിനു മുമ്പായി, ഭാര്യയെയും ഭാര്യാമാതാവിനെയും കുറ്റപ്പെടുത്തുന്ന വിഡിയോ നഹര്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. കൂടാതെ അദ്ദേഹത്തിന്‍റെ മുറിയില്‍ നിന്നു കിട്ടിയ കത്തില്‍, ബോളിവുഡ് സിനിമ വ്യവസായത്തിലെ രാഷ്ട്രീയവും താന്‍ നേരിടുന്ന അവഗണനയും പരാമര്‍ശിക്കുന്നതായി പൊലീസ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ആത്മഹത്യ ചെയ്ത പ്രമുഖ താരം സുശാന്ത് സിങ് രാജ്പുത് നായകനായ ‘എം.എസ്. ധോണി’യില്‍ സുശാന്തിന്റെ സഹതാരമായി സന്ദീപ് നഹര്‍ അഭിനയിച്ചിരുന്നു. അക്ഷയ് കുമാര്‍ ചിത്രമായ കേസരിയിലും വേഷം ചെയ്തിട്ടുണ്ട്.
നഹറിനെ തിങ്കളാഴ്ച വൈകീട്ട് കിടപ്പുമുറിയിലെ സീലിങ് ഫാനില്‍ തൂങ്ങിയ നിലയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയെന്നും ഭാര്യ കാഞ്ചനും സുഹൃത്തുക്കളും ചേര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നുവെന്നും പൊലീസ് പറഞ്ഞു.
മരണത്തിന് ഏതാനും മണിക്കൂറുകള്‍ മുമ്പ് പോസ്റ്റ് ചെയ്ത ഫേസ്ബുക്ക് വിഡിയോയില്‍, ഭാര്യയില്‍ നിന്നും ഭാര്യാമാതാവില്‍ നിന്നും മാനസിക പീഡനം ഏല്‍ക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. ആത്മഹത്യക്കുറിപ്പെന്നു കരുതുന്ന കത്തില്‍, സിനിമ രംഗത്ത് താന്‍ നേരിട്ട രാഷ്ട്രീയക്കളിയും പ്രഫഷനല്‍ അല്ലാത്ത സമീപനങ്ങളും ഏറെ വേദനിപ്പിക്കുന്നുവെന്നും സൂചിപ്പിച്ചിരുന്നു.
നഹറിന്‍റേത് ആത്മഹത്യയാണെന്നാണ് പ്രഥമദൃഷ്ട്യാ കരുതുന്നതെന്നും ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നും അസ്വാഭാവിക മരണത്തിന് കേസെടുത്തുവെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.
Discussion about this post