ഡല്‍ഹി: ലഡാക്ക് അതിര്‍ത്തിയില്‍ ഇന്ത്യാ-ചൈന സേനാപിന്മാറ്റ ധാരണ വന്‍വിജയമാണെന്നും ഇന്ത്യയ്ക്ക് ഒന്നും നഷ്ടമായിട്ടില്ലെന്നും വടക്കന്‍ ആര്‍മി കമാന്‍ഡര്‍ ലെഫ്. ജനറല്‍ വൈ.കെ. ജോഷി. മാസങ്ങളോളം നീണ്ട സംഘര്‍ഷത്തിന് അയവ് വരുത്തിക്കൊണ്ട് ഇന്ത്യയും ചൈനയും ധാരണയിലെത്തിയിരിക്കുകയാണ്. ഇതിന്റെ ഭാഗമായി അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യം പിന്‍വാങ്ങുന്നതിന്റെ വീഡിയോ സൈന്യം പുറത്തുവിട്ടിരുന്നു.
ഫിംഗര്‍ നാലിനും എട്ടിനും ഇടയില്‍ പട്രോളിംഗ് രഹിത മേഖലയായി അംഗീകരിച്ചതിലൂടെ ഇന്ത്യയ്ക്ക് പരാജയം സംഭവിച്ചെന്ന് പ്രതിപക്ഷം ആരോപിച്ചതിനെ അദ്ദേഹം തള്ളി. ഈ പ്രചരണത്തിലൂടെ തെറ്റിദ്ധാരണ സൃഷ്ടിക്കുകയാണ്. പാംഗോങ് തടകാത്തിന്റെ വടക്കന്‍ തീരത്ത് ഇന്ത്യ അവകാശമുന്നയിക്കുന്ന ഫിംഗര്‍ എട്ടിനും പിറകിലേക്ക് ചൈന പിന്മാറിയത് വന്‍ വിജയമാണ്. ഫിംഗര്‍ നാലുവരെ ചൈനയുടെ സൈനിക പ്രവര്‍ത്തനങ്ങള്‍ ഒഴിവായെന്നും അദ്ദേഹം പറഞ്ഞു.
ഫിംഗര്‍ എട്ടിന്റെ ഭാഗത്തും അവര്‍ പട്രോളിംഗ് നടത്തില്ല. ഫിംഗര്‍ നാലിനും എട്ടിനും ഇടയില്‍ ഇന്ത്യ അവകാശപ്പെടുന്ന ഭൂമിയില്‍ കഴിഞ്ഞവര്‍ഷം ഏപ്രില്‍ മുതല്‍ നിര്‍മ്മിച്ച കിടങ്ങുകള്‍, ബങ്കറുകള്‍, ടെന്റുകള്‍ തുടങ്ങിയ നിര്‍മ്മാണങ്ങള്‍ മുഴുവന്‍ ചൈന പൊളിച്ച് നീക്കി. ഈ മേഖല ഒഴിയാന്‍ അവര്‍ കൂട്ടാക്കിയിരുന്നില്ല. എന്നാല്‍ തെക്കന്‍ തീരത്ത് കൈലാസ് റേഞ്ചില്‍ ഇന്ത്യ സ്വാധീനമുറപ്പിച്ച് ടാങ്കുകള്‍ വിന്യസിച്ചു. ഇത് മുമ്പ് ചിന്തിക്കാന്‍ പോലും സാധിക്കാതിരുന്നതാണ്. തുടര്‍ന്നാണ് ചൈന ചര്‍ച്ചകളിലേക്ക് വന്നത്. നമ്മുടെ വ്യവസ്ഥകളില്‍ ചര്‍ച്ചചെയ്യാന്‍ അവര്‍ നിര്‍ബന്ധിതരായി. വടക്കന്‍ തീരത്ത് മുന്നോട്ടുകയറിയ ചൈനയുടെ പിന്മാറ്റത്തിന് വിലപേശാനാണ് അവിടെ നാം നിലയുറപ്പിച്ചത്. ആ ആവശ്യം നേടി. അതിനാല്‍ ആ കുന്നുകളില്‍ നിന്ന് ഇന്ത്യ പിന്മാറുന്നത് രാജ്യത്തിന് തിരിച്ചടിയാകില്ല. സേനാപിന്മാറ്റം സുഗമമാണ്. എല്ലാദിവസവും പിന്മാറ്റം നിരീക്ഷിച്ച് ധാരണ നടപ്പാക്കുന്നത് ഉറപ്പ് വരുത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എന്തിന് ഫിംഗര്‍ നാലില്‍ നിന്ന് മൂന്നിലേക്ക് മാറിയെന്നും സേന കഠിനാദ്ധ്വാനത്തിലൂടെ പിടിച്ചെടുത്ത കൈലാസ് റേഞ്ചില്‍ നിന്ന് പിന്മാറാന് ആവശ്യപ്പെട്ടത് എന്തിനാണെന്നും അതുകൊണ്ട് എന്ത് നേട്ടമെന്നുമായിരുന്നു രാഹുലിന്റെ വിമര്‍ശനം. എന്നാല്‍ യുദ്ധസാഹചര്യം ഇന്ത്യ ഒഴിവാക്കുകയായിരുന്നു എന്നാണ് സൈന്യം നല്കുന്ന വിശദീകരണം. പാംഗോങ് തീരത്ത് ഓഗസ്റ്റ് 31ന് ഇന്ത്യയും ചൈനയും യുദ്ധവക്കോളമെത്തിയതായും ഇന്ത്യന്‍ സൈന്യത്തിന്റെ ഇടപെടല്‍ യുദ്ധസാഹചര്യം ഒഴിവാക്കിയതായും ലെഫ്.ജനറല്‍ വൈ.കെ ജോഷി പറഞ്ഞു.
‘ഗാല്‍വന്‍ സംഭവത്തിന് ശേഷം സൈന്യത്തിന് ഏത് ഓപ്പറേഷന് നടത്താനുമുള്ള സ്വാതന്ത്ര്യം ലഭിച്ചിരുന്നു. പാംഗോങിലെ തന്ത്രപ്രധാനമായ കൈലാഷ് മലനിരകള്‍ ഇന്ത്യ പിടിച്ചെടുത്തു. അപ്രതീക്ഷിത നീക്കത്തില്‍ പതറിയ ചൈന തിരിച്ചടിക്ക് ശ്രമിച്ചു. മറുപടിയായി വെടിവയ്ക്കുക എന്നതാണ് എളുപ്പമാര്‍ഗം. അതിന് ധൈര്യം ആവശ്യമില്ല. എന്നാല്‍ കാഞ്ചിവലിക്കാതിരിക്കാന് ധൈര്യം വേണം. യഥാര്‍ത്ഥത്തില്‍ ഒരു യുദ്ധത്തിന്റെ വക്കിലായിരുന്നു സാഹചര്യമെന്നും’ അദ്ദേഹം പറഞ്ഞു.
Discussion about this post