കൊല്ലം: സിപിഎം സംസ്ഥാന സമിതി അംഗം ബി രാഘവൻ അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് ചികിത്സയിലായിരുന്നു. മുൻ എംഎൽഎയും എസ് സി എസ് ടി കോർപ്പറേഷൻ ചെയർമാനും കെ എസ് കെ ടി യു മുൻ സംസ്ഥാന പ്രസിഡന്റുമാണ്. മൂന്ന് തവണ നിയമസഭാ സാമാജികനായിരുന്നു.
കൊവിഡ് ബാധിച്ചതിനെ തുടർന്ന് രണ്ടാഴ്ച മുമ്പാണ് ബി രാഘവനെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ന്യുമോണിയ ബാധിച്ച് ഗുരുതരാവസ്ഥയിലായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കൊവിഡ് നെഗറ്റീവായിട്ടും ആരോഗ്യനില മോശമാവുകയായിരുന്നു. ഇന്ന് പുലർച്ചെ നാലേമുക്കാലോടെ മരണം സംഭവിച്ചു.
ബി രാഘവന്റെ കുടുംബാംഗങ്ങൾക്കും കൊവിഡ് ബാധിച്ചിരുന്നു. മൃതദേഹം കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് താമരക്കുടിയിലെ വീട്ടുവളപ്പിൽ സംസ്കരിക്കും.












