ബംഗലൂരു: തകർപ്പൻ പ്രകടനവുമായി ശ്രീശാന്തും ഉത്തപ്പയും ആഞ്ഞടിച്ചപ്പോൾ വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് വീണ്ടും ജയം. ബിഹാറിനെതിരെ 9 വിക്കറ്റിനാണ് കേരളം വിജയിച്ചത്.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ബിഹാര്‍ 40.2 ഓവറില്‍ 148 റണ്‍സിന് പുറത്തായി. 4 വിക്കറ്റ് വീഴ്ത്തിയ ശ്രീശാന്തിന്റെ മികവിലാണ് കേരളം ബിഹാറിനെ 148 റണ്‍സില്‍ ഒതുക്കിയത്. ഒന്‍പത് ഓവറില്‍ വെറും 30 റണ്‍സ് മാത്രം വഴങ്ങിയാണ് അദ്ദേഹം നാലു വിക്കറ്റ് വീഴ്ത്തിയത്. ജലജ് സക്സേന മൂന്ന് വിക്കറ്റ് നേടി. നിധീഷ് രണ്ടും അക്ഷയ് ചന്ദ്രന് 1 വിക്കറ്റും നേടി.
149 റണ്‍സിന്റെ താരതമ്യേന ചെറിയ വിജയലക്ഷ്യം 41.2 ഓവറുകള്‍ ബാക്കി നിര്‍ത്തി ഒരേയൊരു വിക്കറ്റ് നഷ്ടത്തില്‍ കേരളം മറികടന്നു. 32 പന്തില്‍ നാലു ഫോറും 10 സിക്സും സഹിതം 87 റണ്‍സുമായി പുറത്താകാതെ നിന്ന റോബിന് ഉത്തപ്പയുടെ വെടിക്കെട്ട് ബാറ്റിംഗാണ് കേരളത്തിന്റെ വിജയം വേഗത്തിലാക്കിയത്. 12 പന്തില്‍ 37 റണ്‍സെടുത്ത വിഷ്ണു വിനോദിന്റെ വിക്കറ്റ് മാത്രമാണ് കേരളത്തിന് നഷ്ടമായത്. സഞ്ജു സാംസണ് ഒന്‍പത് പന്തില്‍ 24 റണ്‍സുമായി പുറത്താകാതെ നിന്നു.












