2024-ലെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം താൻ എങ്ങനെയാണ് ഇന്ത്യൻ ടി20 ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തിയതെന്ന നിർണ്ണായക വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ നായകൻ സൂര്യകുമാർ യാദവ്. ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തി ലോകകപ്പ് ഉയർത്തിയതിന് ശേഷം ടീം ബാർബഡോസിൽ കുടുങ്ങിയ ദിവസങ്ങളിലാണ് ഈ മാറ്റങ്ങൾക്ക് തുടക്കമായതെന്ന് സൂര്യകുമാർ ഓർത്തെടുത്തു.
അന്നത്തെ ക്യാപ്റ്റൻ രോഹിത് ശർമ്മ കുട്ടിക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചതിന് പിന്നാലെയായിരുന്നു അത്ഭുതപ്പെടുത്തിയ ആ നിമിഷങ്ങൾ സംഭവിച്ചത്. ബാർബഡോസിലെ ആഘോഷങ്ങൾക്കിടയിൽ രോഹിത് ശർമ്മ അപ്രതീക്ഷിതമായി തന്നോട് നായകത്വത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകൾ ചോദിക്കുകയായിരുന്നു. തൊട്ടുപിന്നാലെ ചീഫ് സെലക്ടറും ഇതേ ചോദ്യവുമായി സമീപിച്ചു. നായകസ്ഥാനത്തിന്റെ സാധ്യതാ പട്ടികയിൽ പോലുമില്ലാതിരുന്ന തനിക്ക് ഇത് വലിയൊരു സർപ്രൈസ് ആയിരുന്നുവെന്ന് സൂര്യകുമാർ വെളിപ്പെടുത്തി.
ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം അന്നത്തെ ബിസിസിഐ സെക്രട്ടറി ജയ് ഷാ, രോഹിത് ശർമ്മ, ചീഫ് സെലക്ടർ എന്നിവർ ചേർന്നാണ് സൂര്യകുമാറിനെ ടീമിനെ മുന്നോട്ട് നയിക്കാൻ അനുയോജ്യനായ വ്യക്തിയായി തിരഞ്ഞെടുത്തത്. തുടർന്ന് ജയ് ഷാ തന്നെ ഫോണിൽ വിളിച്ച് ടി20 നായകസ്ഥാനം ഔദ്യോഗികമായി കൈമാറുകയായിരുന്നു. രോഹിത് ശർമ്മ ടീമിനെ നയിച്ചതുപോലെ എല്ലാവരെയും ചേർത്തുപിടിച്ച് മുന്നോട്ടുപോകാനാണ് ജയ് ഷാ ആവശ്യപ്പെട്ടത്.
2026-ൽ സ്വന്തം നാട്ടിൽ നടക്കുന്ന ടി20 ലോകകപ്പ് നേടി ചരിത്രം കുറിക്കുക എന്ന വലിയ ലക്ഷ്യമാണ് ബിസിസിഐ സൂര്യകുമാറിന് മുന്നിൽ വെച്ചത്. ഇതുവരെ ഒരു ടീമും സ്വന്തം നാട്ടിൽ ടി20 ലോകകപ്പ് നേടിയിട്ടില്ലെന്ന വെല്ലുവിളി ഏറ്റെടുത്ത സൂര്യകുമാർ, അന്ന് നൽകിയ ആത്മവിശ്വാസം കാത്തുസൂക്ഷിക്കുകയും ചെയ്തു. 2026 ലോകകപ്പിൽ ഇന്ത്യയെ കിരീടത്തിലേക്ക് നയിച്ച സൂര്യകുമാർ, കിരീടം നിലനിർത്തുന്ന ആദ്യ ടീം എന്ന ചരിത്രനേട്ടവും സ്വന്തം നാട്ടിൽ ടി20 ലോകകപ്പ് നേടുന്ന ആദ്യ രാജ്യമെന്ന അപൂർവ്വ ബഹുമതിയും ഇന്ത്യക്ക് സമ്മാനിച്ചു.











