പുതുച്ചേരി: മത്സ്യത്തൊഴിലാളികള്‍ക്ക് അവരുടെ പ്രശ്നങ്ങള്‍ പങ്കുവെക്കാന്‍ പ്രത്യേക മന്ത്രാലയം വേണമെന്ന രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശത്തോട് പ്രതികരിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേന്ദ്രം രണ്ടുവര്‍ഷം മുമ്പ് തന്നെ ഫിഷറീസ് വകുപ്പ് ആരംഭിച്ചത് പോലും അറിയാത്ത വ്യക്തിയാണ് രാഹുലെന്നും അവധിയിലായിരുന്നതുകൊണ്ടാകും ഇക്കാര്യം അദ്ദേഹം അറിയാതിരുന്നതെന്നും അമിത് ഷാ പരിഹസിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുതുച്ചേരിയിലെത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് ഇവിടെവെച്ച് എന്തുകൊണ്ടാണ് മോദി സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കായി ഒരു പ്രത്യേക വകുപ്പ് നിര്‍മിക്കാതിരുന്നതെന്ന് രാഹുല്‍ ഗാന്ധി ചോദിച്ചിരുന്നു. മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക വകുപ്പിന് നരേന്ദ്രമോദി നേരത്തേ രൂപം നല്‍കിയിരുന്നു. രാഹുല്‍ ഭയ്യാ.. നിങ്ങള്‍ അവധിയിലായിരുന്നു. അതുകൊണ്ടാണ് നിങ്ങള്‍ക്ക് ഇക്കാര്യം അറിയാത്തത്.’ എന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. രാഹുല്‍ ഗാന്ധിയുടെ വിദേശ യാത്രകളെ പരോക്ഷമായി സൂചിപ്പിച്ചുകൊണ്ടായിരുന്നു ‘അവധി’പരാമര്‍ശം അമിത് ഷാ നടത്തിയത്.
നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുതുച്ചേരിയില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് മത്സ്യത്തൊഴിലാളികളുടെ പ്രശ്നപരിഹാരത്തിനായി കേന്ദ്രത്തില്‍ ഫിഷറീസ് വകുപ്പില്ലെന്ന ആരോപണം രാഹുല്‍ ഉന്നയിക്കുന്നത്. എന്നാല്‍ 2019-ല്‍ തന്നെ ഫിഷറീസ് വകുപ്പിന് മോദി സര്‍ക്കാര്‍ രൂപം നല്‍കിയിരുന്നെന്നും ഇക്കാര്യം ലോകസഭാംഗമായ രാഹുലിന് അറിയില്ലേ എന്നും ചോദിച്ച് ബിജെപി ഉടന്‍ വിമര്‍ശനവുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
Discussion about this post