ഡൽഹി: ഇന്ത്യയുടെ വാക്സിൻ വിതരണ നടപടികളെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃപാടവത്തെയും പ്രശംസിച്ച് ഇൻഫോസിസ് സ്ഥാപകൻ എൻ ആർ നാരായണ മൂർത്തി. കഴിഞ്ഞ ദിവസം ഡൽഹി എയിംസിലെത്തി വാക്സിൻ സ്വീകരിച്ച നരേന്ദ്ര മോദി യഥാർത്ഥ നേതൃപാടവത്തിന്റെ മികച്ച ഉദാഹരണമാണെന്ന് അദ്ദേഹം പറഞ്ഞു.
ഭാര്യ സുധാ മൂർത്തിക്കൊപ്പം ബംഗലൂരു നാരായണ ഹൃദയാലയത്തിലെത്തി കൊവിഡ് വാക്സിൻ സ്വീകരിച്ച ശേഷമാണ് നാരായണ മൂർത്തി പ്രധാനമന്ത്രിയെ പ്രശംസിച്ചത്. താനും ഭാര്യയും കഴിഞ്ഞ ദിവസമാണ് വാക്സിന് രജിസ്ടർ ചെയ്തത്. വാക്സിൻ സ്വീകരിച്ച ശേഷം സുഖമായിരിക്കുന്നതായും 28 ദിവസങ്ങൾക്ക് ശേഷം രണ്ടാമത്തെ ഡോസ് വാക്സിൻ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ സ്വീകരിച്ച ശേഷവും മാസ്ക് ഉപയോഗം തുടരുമെന്നും വിദഗ്ധാഭിപ്രായം പരിഗണിച്ച് മാത്രമേ മുന്നോട്ട് പോവുകയുള്ളൂവെന്നും നാരായണ മൂർത്തി വ്യക്തമാക്കി.











