തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ സി ഐ ടി യു ഓഫീസിനുള്ളിൽ യുവതിയുടെ മൃതദേഹം. ജനൽക്കമ്പിയിൽ തൂങ്ങിയ നിലയിലാണ് നാൽപ്പതുകാരിയുടെ മൃതദേഹം കണ്ടെത്തിയത്. പാലിയോട് സ്വദേശി ചിത്രലേഖയാണ് മരിച്ചത്.
കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു സംഭവം. രാവിലെ ചിത്രലേഖയും ഭർത്താവ് സന്തോഷും ഒരുമിച്ച് അമ്പലത്തിൽ പോയിരുന്നു. തുടർന്ന് വീട്ടിലെത്തിയതിന് ശേഷം ജോലി സ്ഥലത്തേക്ക് പോയ സന്തോഷ് ഉച്ചഭക്ഷണത്തിനായി തിരികെയെത്തിയപ്പോഴാണ് ചിത്രലേഖയെ കാണുന്നില്ലെന്ന വിവരമറിയുന്നത്. തുടർന്ന് സന്തോഷ് നടത്തിയ അന്വേഷണത്തിലാണ് വീടിന് സമീപത്ത് സിഐടിയുവിന്റെ ഓഫീസ് പ്രവർത്തിക്കുന്ന പഴയ കെട്ടിടത്തിനുളളിൽ ചിത്രലേഖയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സന്തോഷ് തന്നെയാണ് കഴുത്തിലെ കെട്ട് അറുത്തുമാറ്റിയ ശേഷം മാരായമുട്ടം സ്റ്റേഷനിൽ വിവരമറിയിച്ചത്. ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനമെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.












