ചെന്നൈ: തമിഴ്നാട്ടില്‍ ജനങ്ങള്‍ക്ക് വാഗദ്ധാനങ്ങള് നല്കുന്ന കാര്യത്തിലും മത്സരിച്ച് മുന്നണികള്‍. അധികാരത്തിലെത്തിയാല്‍ വീട്ടമ്മമാര്‍ക്ക് പ്രതിമാസം 1500 രൂപ നല്‍കുമെന്ന് എ ഐ എ ഡി എം കെ നേതാവും മുഖ്യമന്ത്രിയുമായ എടപ്പാടി പളനിസ്വാമി അറിയിച്ചു.
അധികാരത്തിലെത്തിയാല്‍ എല്ലാ വീട്ടമ്മമാര്‍ക്കും പ്രതിമാസം 1000 രൂപ വീതം നല്‍കുമെന്ന് ഡി എം കെ നേതാവ് എം കെ സ്റ്റാലിന് ഞായറാഴ്ച തിരുച്ചിറപ്പള്ളിയില്‍ നടന്ന ഒരു റാലിയില്‍ വാഗ്ദ്ധാനം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് മാസം 1500 രൂപ നല്‍കുമെന്ന് അറിയിച്ചുകൊണ്ട് എ ഐ എ ഡി എം കെ രംഗത്തെത്തിയിരിക്കുന്നത്.
തങ്ങളുടെ നിര്‍ദ്ദേശം എങ്ങനെയോ അറിഞ്ഞ്, അത് കോപ്പിയടിച്ചാണ് സ്റ്റാലിന് ഞായറാഴ്ച അങ്ങനെയൊരു വാഗ്ദ്ധാനം നല്‍കിയതെന്ന് പളനിസ്വാമി ആരോപിച്ചു. എ ഐ എ ഡി എം കെ പ്രകടന പത്രിക തയ്യാറാക്കിയിട്ട് പത്ത് ദിവസമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതിവര്‍ഷം ആറ് എല്‍പിജി സിലിണ്ടറുകള്‍ സൗജന്യമായി നല്‍കുമെന്നും എടപ്പാടി പളനി സ്വാമി വാർത്താസമ്മേളനത്തില്‍ അറിയിച്ചു.
Discussion about this post