കൊളംബൊ: മഹാശിവരാത്രിയോടനുബന്ധിച്ച് ശ്രീലങ്കയിലെ തിരുകെട്ടീശ്വരം ക്ഷേത്രത്തിൽ ദർശനം നടത്തി ശ്രീലങ്കയിലെ ഇന്ത്യൻ സ്ഥാനപതി ഗോപാൽ ബാഗ്ലെ. ക്ഷേത്രത്തിന്റെ നവീകരണ പ്രവർത്തനങ്ങൾ നിലവിൽ ഇന്ത്യയുടെ സാമ്പത്തിക സഹായത്തോടെയാണ് നടക്കുന്നത്.
തിരുകെട്ടീശ്വരം ക്ഷേത്രത്തിൽ ശിവരാത്രി പൂജയിൽ പങ്കെടുത്ത ഇന്ത്യൻ സ്ഥാനപതി ഇരു രാജ്യങ്ങളിലെയും ജനങ്ങളുടെ ക്ഷേമത്തിനായി പ്രാർത്ഥിച്ചു. 326 മില്ല്യൺ ശ്രീലങ്കൻ രൂപയുടെ നവീകരണ പ്രവർത്തനങ്ങളാണ് ക്ഷേത്രത്തിൽ ഇന്ത്യ നടത്തുന്നത്.
ഏഷ്യയിലെ സുഹൃദ് രാഷ്ട്രങ്ങളിൽ ഉടനീളം സാംസ്കാരിക പ്രാധാന്യമുള്ള സ്ഥലങ്ങൾ സംരക്ഷിക്കുന്നതിന് ഇന്ത്യ പദ്ധതികൾ ഏറ്റെടുത്ത് നടത്തുന്നുണ്ട്. കംബോഡിയയിലെ അങ്കോർവത് ക്ഷേത്രം, വിയറ്റ്നാമിലെ ചാം സ്മാരകങ്ങൾ, ശ്രീലങ്കയിലെ തിരുകെട്ടീശ്വരം ക്ഷേത്രം, ലാവോസിലെ ക്ഷേത്ര സമുച്ചയം, നേപ്പാളിലെ പശുപതിനാഥ ക്ഷേത്രം എന്നിവ ഇന്ത്യ ഇത്തരത്തിൽ നവീകരിക്കുന്ന നിർമ്മിതികളാണ്.












