ചെന്നൈ: രാജ്യമെമ്പാടും ബിജെപിയിലേക്കുള്ള പ്രമുഖരുടെ ഒഴുക്ക് തുടരുന്നു. പ്രശസ്ത തമിഴ് ഹാസ്യതാരം സെന്തില്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. തമിഴ്‌നാട് ബി.ജെ.പി പ്രസിഡന്‍റ് എല്‍ മുരുഗന്റെ സാന്നിധ്യത്തിലാണ് സെന്തില്‍ ബി.ജെ.പി അംഗത്വം സ്വീകരിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രവർത്തനങ്ങളിൽ ആകൃഷ്ടനായതിനാലാണ് താൻ ബിജെപിയിൽ ചേരുന്നതെന്ന് സെന്തിൽ പറഞ്ഞു. വരുന്ന തെരഞ്ഞെടുപ്പില്‍ താന്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത ജീവിച്ചിരിക്കുന്ന സമയത്ത് എ ഐ എ ഡി എം കെയുടെ തെരഞ്ഞെടുപ്പ് വേദികളിൽ സജീവ സാന്നിദ്ധ്യമായിരുന്നു സെന്തിൽ. ജയലളിതയുടെ മരണത്തിന് ശേഷം താന്‍ രാഷ്ട്രീയത്തില്‍ അനാഥനായിപ്പോയെന്നും പിന്നീട് ഒരു നീണ്ട ഇടവേള വേണ്ടി വന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടെ ഭാഗമാകാൻ കഴിഞ്ഞത് സന്തോഷകരവും അഭിമാനകരവുമാണെന്നും സെന്തിൽ അറിയിച്ചു.








