തൃശൂര്‍: സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് കോണ്‍ഗ്രസിനുള്ളില്‍ ഭിന്നത രൂക്ഷമായതിന് പിന്നാലെ തൃശൂരില്‍ 33 ബൂത്ത് പ്രസിഡന്റുമാരുള്‍പ്പെടെയുള്ള നേതാക്കള്‍ കൂട്ടത്തോടെ രാജിവച്ചു. ചാലക്കുടിക്കും കൊടുങ്ങല്ലൂരിനും പിന്നാലെ സാധ്യതാ പട്ടികയ്ക്കെതിരെ ചേലക്കരയിലും മണലൂരിലും അതൃപ്തി പരസ്യമായി. സ്ഥാനാര്‍ഥി നിര്‍ണ്ണയത്തില്‍ പ്രതിഷേധിച്ച് ചാലക്കുടിയില്‍ 33 ബൂത്ത് പ്രസിഡന്റുമാര്‍ രാജിവച്ചു.
ചാലക്കുടിയില്‍ യൂത്ത് കോണ്‍ഗ്രസ് ദേശീയ കോ – ഓര്‍ഡിനേറ്റര്‍ ഷോണ്‍ പല്ലിശ്ശേരിക്ക് വേണ്ടിയും കൊടുങ്ങല്ലൂരില്‍ സി എസ് ശ്രീനിവാസന് വേണ്ടിയും കഴിഞ്ഞ ദിവസം പ്രാദേശിക ഘടകങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രവര്‍ത്തകര്‍ നേരിട്ട് തെരുവിലിറങ്ങിയും പോസ്റ്ററുകള്‍ പതിപ്പിച്ചുമാണ് പ്രതിഷേധം അറിയിച്ചത്. ഇതിന്റെ തുടര്‍ച്ചയായാണ് ബൂത്ത് പ്രസിഡന്റുമാരുടെ രാജി.
ചാലക്കുടിയില്‍ പുറത്തുനിന്നുള്ളവരെ സ്ഥാനാര്‍ഥിയാക്കരുതെന്നും സാധ്യത പട്ടികയിലുള്ള എ ഗ്രൂപ്പുകാരനും കെ.പി.സി.സി. സെക്രട്ടറിയുമായ ടി.ജെ.സനിഷ്കുമാറിന് വിജയസാധ്യതയില്ലയെന്നുമാണ് പ്രതിഷേധക്കാരുടെ ആരോപണം.
ചേലക്കരയില്‍ സാധ്യതാപട്ടികയില്‍ ഉള്ള സിസി ശ്രീകുമാറിനെ മാറ്റണമെന്നും പകരം മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും ഡിസിസി ജനറല്‍ സെക്രട്ടറിയുമായ കെ വി ദാസനെ സ്ഥാനാര്‍ഥിയാക്കണമെന്നും ആവശ്യപ്പെട്ട് ഒന്‍പത് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റികള്‍ രാഹുല്‍ ഗാന്ധിക്ക് കത്ത് നല്കി.
Discussion about this post