ഡൽഹി: രാജ്യത്ത് വീണ്ടും കൊവിഡ് വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സംസ്ഥാന മുഖ്യമന്ത്രിമാരുമായി ആശയവിനിമയം നടത്തും. വീഡിയോ കോൺഫറൻസിംഗ് വഴി നടക്കുന്ന യോഗത്തിൽ രോഗബാധ നിയന്ത്രിക്കാൻ വിവിധ സംസ്ഥാനങ്ങൾ സ്വീകരിച്ച നടപടികൾ പ്രധാനമന്ത്രി വിലയിരുത്തും.
കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ച ജനുവരി മാസത്തിലായിരുന്നു പ്രധാനമന്ത്രി ഇതിന് മുൻപ് മുഖ്യമന്ത്രിമാരുമായി സംവദിച്ചത്. രാജ്യത്തെ മൂന്നു കോടിയിൽ പരം മുൻനിര ആരോഗ്യ പ്രവർത്തകർക്ക് കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് അന്ന് അദ്ദേഹം അറിയിച്ചിരുന്നു.
നിലവിൽ രാജ്യത്ത് വാക്സിൻ വിതരണം മികച്ച രീതിയിൽ പുരോഗമിക്കുകയാണ്. 60 വയസ്സിന് മുകളിലുള്ളവർക്കും ഗുരുതര രോഗങ്ങളുള്ള 45 വയസ്സിന് മുകളിലുള്ളവർക്കുമാണ് ഇപ്പോൾ രാജ്യത്ത് വാക്സിൻ വിതരണം ചെയ്യുന്നത്.
അതിനിടെ തിങ്കളാഴ്ച രാജ്യത്ത് 26,291 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് കഴിഞ്ഞ 85 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കായിരുന്നു.
Discussion about this post