മുംബൈ: മഹാരാഷ്ട്ര സർക്കാരിനെ പിടിച്ചുലച്ച് കൈക്കൂലി ആരോപണം. സ്ഥലം മാറ്റപ്പെട്ട മുംബൈ പൊലീസ് കമ്മീഷണർ പരം ബീർ സിംഗിന്റേതാണ് ആരോപണം. മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് സസ്പെൻഡ് ചെയ്യപ്പെട്ട ഏറ്റുമുട്ടൽ വിദഗ്ധൻ സച്ചിൻ വാസെയെ ഉപയോഗിച്ച് ഹോട്ടലുകളിൽ നിന്നും റസ്റ്റോറന്റുകളിൽ നിന്നും മറ്റ് സ്ഥാപനങ്ങളിൽ നിന്നും പ്രതിമാസം നൂറ് കോടി രൂപ വീതം കൈക്കൂലി പിരിച്ചിരുന്നുവെന്നാണ് പരം ബീറിന്റെ വെളിപ്പെടുത്തൽ. മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്തിലാണ് പരം ബീർ അതിഗുരുതരമായ ആരോപണം ഉന്നയിച്ചിരിക്കുന്നത്.
റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ വസതിക്ക് സമീപം സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ടാണ് പരം ബീർ സിംഗിനെ സ്ഥലം മാറ്റിയത് എന്നാണ് അനിൽ ദേശ്മുഖ് പറയുന്നത്. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് ആഭ്യന്തര വകുപ്പിന്റെ പല ക്രമക്കേടുകളും താൻ ചൂണ്ടിക്കാണിച്ചിരുന്നുവെന്നും പരംബീർ ആരോപിക്കുന്നു.
സംഭവത്തിൽ എൻസിപി നേതൃത്വത്തിനെതിരെയും അതിഗുരുതര ആരോപണങ്ങളാണ് പരം ബീർ സിംഗ് ഉന്നയിക്കുന്നത്. സംഭവങ്ങളെ കുറിച്ച് എൻസിപി പ്രസിഡന്റ് ശരദ് പവാറിന് താൻ സൂചനകൾ നൽകിയിരുന്നതായും അദ്ദേഹം പറയുന്നു. കൈക്കൂലി പിരിവിൽ വാസെയെ അനുഗമിക്കാൻ അനിൽ ദേശ്മുഖ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും കത്തിൽ പരം ബീർ ആരോപിക്കുന്നു.









