ഭോപാൽ: ഇരുപതുകാരിയുടെ വയറ്റിൽ നിന്നും പതിനാറ് കിലോഗ്രാം ഭാരം വരുന്ന ട്യൂമർ നീക്കം ചെയ്തു. മധ്യപ്രദേശിലെ ഭോപാലിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ. ആറ് മണിക്കൂർ നീണ്ടു നിന്ന ശസ്ത്രക്രിയയിലൂടെയാണ് ഡോക്ടർമാർ ട്യൂമർ നീക്കം ചെയ്തത്.
ട്യൂമർ യുവതിയുടെ അണ്ഡാശയത്തിലായിരുന്നുവെന്നും അത് ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.
രണ്ട് ദിവസം മുൻപായിരുന്നു രാജ്ഗഢ് സ്വദേശിനിയായ പെൺകുട്ടി ആശുപത്രിയിൽ എത്തിയത്. ഭക്ഷണം കഴിക്കാനും നടക്കാനും ബുദ്ധിമുട്ടുണ്ട് എന്നതായിരുന്നു പ്രശ്നം. തുടർന്ന് നടത്തിയ പരിശോധനയിലായിരുന്നു ഭീമൻ ട്യൂമർ കണ്ടെത്തിയത്.
കൃത്യസമയത്ത് ആശുപത്രിയിൽ എത്തിയത് കൊണ്ടാണ് പെൺകുട്ടി രക്ഷപ്പെട്ടതെന്നും ഇനിയും വൈകിയിരുന്നെങ്കിൽ സ്ഥിതി വഷളാകുമായിരുന്നുവെന്നും ഡോക്ടർമാർ പറഞ്ഞു.









