ഉയർന്ന കമ്മിയുണ്ടെങ്കിലും ഇന്ത്യയുടെ സാമ്പത്തിക റേറ്റിങ് താഴില്ലെന്നും സമ്പദ് വ്യവസ്ഥ ഉത്തേജിപ്പിക്കാൻ കൂടുതൽ ചെലവഴിക്കുന്നതും കടം വാങ്ങുന്നതും കാരണമാണ് ഉയർന്ന കമ്മി ഉണ്ടായിട്ടുള്ളതെന്നും ധനമന്ത്രി നിർമലാ സീതാരാമൻ രാജ്യസഭയിൽപറഞ്ഞു. നിക്ഷേപ റേറ്റിങ്ങിന്റെ ഗുണം ഇപ്പോൾ മാറ്റമൊന്നുമില്ലാതെ രാജ്യം അനുഭവിക്കുന്നുണ്ടെന്നും ധനബില്ലിന്മേലുള്ള ചർച്ചയിൽ മറുപടി പറയവേ അവർ പറഞ്ഞു.
ലോക്സഭയിൽ കഴിഞ്ഞദിവസം അവതരിപ്പിച്ച ധനബിൽ ഭേദഗതികളൊന്നുമില്ലാതെ രാജ്യസഭയും പാസാക്കിയിരുന്നു. ഇതോടെ 2020-’21 ബജറ്റിന്റെ പാർലമെന്റനുമതി നടപടിക്രമം പൂർത്തിയായി.
കേന്ദ്രസർക്കാർ ബജറ്റ് തയ്യാറാക്കിയത് വിവിധ മേഖലകളിലുള്ളവരുമായി സംവദിച്ചതിനും നിവേദനങ്ങൾ പരിശോധിച്ചതിനും ശേഷമാണെന്ന് ധനമന്ത്രി പറഞ്ഞു. “പ്രതിപക്ഷം പറയുന്നത് സർക്കാരിൽ വിദഗ്ധരില്ലെന്നും സാമ്പത്തികരംഗം മോശമായി കൈകാര്യം ചെയ്യുന്നുവെന്നുമാണ്. എന്നാൽ, പണപ്പെരുപ്പം വരെ നിയന്ത്രണ വിധേയമാക്കാൻ സർക്കാരിന് കഴിഞ്ഞു. നയപരമായ മരവിപ്പുണ്ടെന്നാണ് മറ്റൊരാരോപണം. കോവിഡ് കാലത്തും അഭിപ്രായസമന്വയത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നൂറിലധികം വീഡിയോ കോൺഫറൻസുകളാണ് നടത്തിയത്. കോവിഡിന് മരുന്ന് നിർമിച്ചു. അത് മറ്റു രാജ്യങ്ങൾക്കും നൽകുന്നു. അഞ്ചു ചെറിയ ബജറ്റുകൾ അവതരിപ്പിച്ചു”മന്ത്രി പറഞ്ഞു.
പശ്ചിമ ബംഗാളിൽ കേന്ദ്ര പദ്ധതികളായ പ്രധാനമന്ത്രി കിസാൻ യോജനയും ആയുഷ്മാൻ ഭാരതും നടപ്പാക്കിയില്ലെന്ന് ധനമന്ത്രി പറഞ്ഞു.മറുപടിക്കിടെ തൃണമൂൽ അംഗങ്ങളുമായി വാക്തർക്കവുമുണ്ടായി. പ്രധാനമന്ത്രി കിസാൻ യോജനയ്ക്കായി ബംഗാൾ കർഷകരുടെ വിവരങ്ങൾ നൽകിയില്ലെന്ന് ധനമന്ത്രി ആരോപിച്ചപ്പോൾ മന്ത്രി കള്ളം പറയുകയാണെന്നായിരുന്നു ടി.എം.സി. അംഗങ്ങളുടെ പ്രതികരണം.
Discussion about this post