ഡൽഹി: ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് കുത്തനെ വെട്ടിക്കുറച്ചതായുള്ള ഉത്തരവ് കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. കഴിഞ്ഞ പാദത്തിലെ പലിശ നിരക്ക് തന്നെ തുടരും. സാധാരണക്കാര്‍ക്ക് തിരിച്ചടിയാകുമെന്ന വിമര്‍ശനം വ്യാപകമായി ഉയര്‍ന്നതോടെയാണ് നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചത്. നാഷണൽ സേവിങ്സ് സർട്ടിഫിക്കറ്റുകൾ (എൻഎസ്‌സി), പബ്ലിക് പ്രൊവിഡന്റ് ഫണ്ട് (പിപിഎഫ്) തുടങ്ങിയ സമ്പാദ്യ പദ്ധതികളുടെ പലിശനിരക്കാണ് വെട്ടിക്കുറക്കാന്‍ തീരുമാനം എടുത്തിരുന്നത്.
“സര്‍ക്കാരിന്റെ ചെറുകിട സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് 2020-2021 അവസാന പാദത്തിൽ നിലവിലുണ്ടായിരുന്ന നിരക്കുകളില്‍ തന്നെ തുടരും, അതായത് 2021 മാർച്ച് വരെ നിലവിലുണ്ടായിരുന്ന നിരക്കുകൾ. നേരത്തെ പുറപ്പെടുവിച്ച ഉത്തരവുകൾ പിൻവലിക്കും,” നിർമ്മല സീതാരാമൻ ട്വീറ്റ് ചെയ്തു.
സാമ്പത്തിക വർഷത്തിന്റെ അവസാന ദിവസമായ ഇന്നലെയാണ് 2021-22 ന്റെ ആദ്യ പാദത്തിൽ 1.1 ശതമാനം വരെ പലിശനിരക്കിൽ കുറവു വരുത്തിയതായി സർക്കാർ പ്രഖ്യാപിച്ചത്. ദീര്‍ഘകാല നിക്ഷേപ പദ്ധതിയായ പിപിഎഫിന്‍റെ പലിശ 6.4 ശതമാനമാക്കി കുറച്ചിരുന്നു. ഇത് 7.1 ശതമാനമായി തുടരും. പെണ്‍കുട്ടികള്‍ക്കുവേണ്ടിയുള്ള സുകന്യ സമൃദ്ധി യോജനയുടെ പലിശ 7.6 ശതമാനമായും മുതിര്‍ന്ന പൗരന്മാരുടെ വരുമാനമാര്‍ഗമായിരുന്ന സീനിയര്‍ സിറ്റിസണ്‍സ് സേവിങ്സ് സ്കീമിന്‍റെ പലിശ 7.4 ശതമാനമായും നിലനിര്‍ത്തും.
കിസാന്‍ വികാസ് പത്രയിലെ നിക്ഷേപം ഇരട്ടിക്കാന്‍ 138 മാസം വേണമെന്ന ഉത്തരവ് മാറ്റി 124 മാസം മതിയെന്നാക്കി. പലിശ 6.9% തന്നെയാകും. സേവിങ്സ് ബാങ്ക് ഡെപ്പോസിറ്റിന്‍റെ വാര്‍ഷിക പലിശ നാല് ശതമാനവും നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റിന്‍റെ പലിശ നിരക്ക് 6.8 ശതമാനവുമായി തുടരും.











