ഡല്‍ഹി: അസമില്‍ ബി.ജെ.പി എം.എല്‍.എ യുടെ വാഹനത്തില്‍നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുത്ത സംഭവത്തില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രിയും ബി.ജെ.പി നേതാവുമായ അമിത് ഷാ.
” അസമിലെ ഏതെങ്കിലും ബിജെപി നേതാവ് എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കര്‍ശന നടപടി സ്വീകരിക്കണം. സംഭവത്തിെന്‍റ വിശദാംശങ്ങളെക്കുറിച്ച് അറിയില്ല. സംഭവം സത്യമാണെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമപ്രകാരം നടപടിയെടുക്കണം. തെരഞ്ഞെടുപ്പ് കമ്മീഷനെ നടപടി സ്വീകരിക്കുന്നതില്‍നിന്നും ഞങ്ങള്‍ ഒരിക്കലും തടഞ്ഞിട്ടില്ല” അമിത് ഷാ പറഞ്ഞു.
അസമില്‍ രണ്ടാം ഘട്ട വോട്ടെടുപ്പ് നടന്ന വ്യാഴാഴ്ച രാത്രിയാണ് പാതാര്‍കണ്ടി എം.എല്‍.എ കൃഷ്ണേന്ദു പാലിന്റെ വാഹനത്തില്‍നിന്ന് വോട്ടിങ് മെഷീന്‍ കണ്ടെടുത്തത്. സ്ട്രോങ് റൂമിലേക്ക് മാറ്റേണ്ട മെഷീനായിരുന്നു വണ്ടിയില്‍. ജനങ്ങള്‍ വാഹനം തടയുകയും ഇ.വി.എം കണ്ടെടുക്കുകയും, സംഭവ സ്ഥലത്ത് വന്‍ സംഘര്‍ഷാവസ്ഥ ഉടലെടുക്കുകയും ചെയ്തിരുന്നു. സംഭവത്തിന്‍റെ വിഡിയോ ദൃശ്യങ്ങള്‍ വന്‍തോതില്‍ പ്രചരിച്ചിരുന്നു.
സംഭവത്തില്‍ നാല് പോളിംഗ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. വോട്ടെടുപ്പ് നടന്ന രാധബാരി മണ്ഡലത്തിലെ 149ാം നമ്ബര്‍ ബൂത്തില്‍ റീ പോളിംഗ് നടത്താനാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.











