കൊല്‍ക്കത്ത: വോട്ടുകൾ ഭിന്നിക്കപ്പെടാതെ ഇരിക്കണമെന്ന മമതയുടെ ആഹ്വാനം, ബംഗാള്‍ മുസ്ലിങ്ങളുടെ പിന്തുണ മുഖ്യമന്ത്രി മമത ബാനര്‍ജിക്കു നഷ്ടപ്പെട്ടുവെന്നാണ് വെളിപ്പെടുത്തുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. എന്നാല്‍ സമാന ആവശ്യം ഹിന്ദുക്കളോട് ബിജെപി നടത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനും മാധ്യമങ്ങളും പാർട്ടിക്ക്
എതിരാവുമായിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മൂന്നാം ഘട്ട പോളിങ് പുരോഗമിക്കുന്നതിനിടെ വടക്കന്‍ ബംഗാളിലെ കൂച് ബെഹാറിലെ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ”നിങ്ങളുടെ സ്‌നേഹം പലിശ സഹിതം വികസനത്തിന്റെ രൂപത്തില്‍ തിരികെ തരും, എല്ലാ മുസ്ലീങ്ങളും ഒന്നിക്കണമെന്നും വോട്ടുകൾ വിഭജിക്കരുതെന്നും മമത ആവശ്യപ്പെടുന്നു. മുസ്ലിം വോട്ട് ബാങ്ക് നിങ്ങളില്‍ (മമത) നിന്ന് അകന്നതായി ഇതില്‍നിന്നും മനസ്സിലാക്കാം. ഇതു പരസ്യമായി പറഞ്ഞതിലൂടെ നിങ്ങള്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമിഷനോടും നിങ്ങള്‍ മോശമായാണ് പെരുമാറുന്നത്. ഹിന്ദുക്കള്‍ യോജിച്ച് ബിജെപിക്കായി വോട്ട് ചെയ്യണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നെങ്കില്‍ കമ്മീഷനിൽ നിന്ന് 810 നോട്ടിസുകള്‍ ഞങ്ങള്‍ക്ക് ലഭിച്ചേനെ. രാജ്യം മുഴുവന്‍ ഞങ്ങള്‍ക്കെതിരെ മുഖപ്രസംഗം എഴുതിയേനെ”; തടിച്ചുകൂടിയ ജനത്തോട് അദ്ദേഹം പറഞ്ഞു
ബംഗാള്‍ ജനസംഖ്യയുടെ 27% മുസ്ലിങ്ങളാണ്. ബിജെപിയെക്കെതിരെ മമത ബാനര്‍ജിയുടെ പോരാട്ടത്തില്‍ ഇവരുടെ വോട്ടുകൾ ഭിന്നിക്കപ്പെടാതെ കൃത്യമായി വീഴേണ്ടത് നിര്‍ണായകമാണ് എന്നതാണ് മമതയുടെ ഈ ആഹ്വാനത്തിന്റെ ലക്‌ഷ്യം.








