ശ്രീനഗര്‍ : ജമ്മു കാശ്മീരില്‍ നാല് വ്യത്യസ്ത ഓപ്പറേഷനുകളിലായി പതിനാല് വയസായ ഒരു കുട്ടി ഉൾപ്പെടെ 12 തീവ്രവാദികള്‍ കൊല്ലപ്പെട്ടുവെന്ന് ഡിജിപി ദില്‍ബാഗ് സിങ് പറഞ്ഞു.
ബിജ്‌ബെഹ്‌റ, ത്രാല്‍, ഷോപ്പിയാന്‍ മേഖലകളിലാണ് സൈനിക നടപടികളുണ്ടായത്. ത്രാല്‍, ഷോപ്പിയാന്‍ എന്നിവിടങ്ങളില്‍ നിന്നായി ഏഴ് പേരും ഹരിപ്പോറയിലെ അല്‍ബദര്‍ മേഖലയില്‍ രണ്ട് പേരും ബിജ്‌ബെഹ്‌റയില്‍ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ഇവര്‍ ലഷ്‌കര്‍ ഇ ത്വായിബ പ്രവര്‍ത്തകരാണെന്നാണ് സംശയിക്കുന്നുവെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.
ടെറിട്ടോറിയല്‍ ആര്‍മി ജവാന്‍ മുഹമ്മദ് സലീം അഖൂനിന്റെ കൊലപാതകത്തിന് ഉത്തരവാദികളായ ഭീകരരാണ് ബിജ്‌ബെഹ്‌റയിലെ സൈനിക നടപടിയില്‍ കൊല്ലപ്പെട്ടതെന്ന കാര്യവും ഡിജിപി കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസമാണ് ഗോരിവനിലെ വസതിക്ക് മുന്നില്‍ വച്ച് സൈനികനായ മുഹമ്മദ് സലീം കൊലപ്പെട്ടത്.
ഷോപ്പിയാനിലെ വെടിവയ്പ്പില്‍ കൊല്ലപ്പെട്ട മൂന്ന് പേരില്‍ ഒരാള്‍ പതിനാല് വയസുള്ള കുട്ടിയായിരുന്നുവെന്നും സുരക്ഷാ ഉദ്യോഗസ്ഥര്‍ പറയുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുൻപ് കാണാതായ കുട്ടി തീവ്രവാദികള്‍ക്കൊപ്പം ചേര്‍ന്നതാണെന്നാണ് സംശയിക്കുന്നത്. ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പതിനാലുകാരന്റെ മാതാപിതാക്കളെ സ്ഥലത്തെത്തിച്ച് കുട്ടിയെ അനുനയിപ്പിച്ച് കീഴടങ്ങാന്‍ ശ്രമങ്ങള്‍ നടത്തിയെങ്കിലും ഫലം കണ്ടിരുന്നില്ല. ആയുധങ്ങള്‍ വച്ച് കീഴടങ്ങാന്‍ മാതാപിതാക്കള്‍ അഭ്യര്‍ഥിച്ചെങ്കിലും ഒപ്പമുണ്ടായിരുന്ന മറ്റ് തീവ്രവാദികള്‍ കുട്ടിയെ തടഞ്ഞുവെന്നാണ് സൂചന.
നാലു വര്‍ഷമായി തീവ്രവാദ സംഘടനയായ എ ജിഎച്ചില്‍ കേഡര്‍മാര്‍ കുറവാണ്. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ കമാന്‍ഡര്‍ ബുര്‍ഹാന്‍ വാനിയുടെ അടുത്ത സഹായി സാക്കിര്‍ മൂസയാണ് എജിഎച്ച് സ്ഥാപിച്ചത്. ബുര്‍ഹാന്‍ വാനിയുടെ മരണത്തിന് ശേഷം മൂസ എജിഎച്ച് സ്ഥാപിച്ചു. മൂന്നു വര്‍ഷം ഭീകരസംഘടന മേധാവിയായി തുടര്‍ന്നെങ്കിലും 2019 മെയില്‍ സൈന്യം ഏറ്റുമുട്ടലില്‍ മൂസയെ കൊലപ്പെടുത്തി.








