ന്യൂഡൽഹി; ഹിന്ദുവിവാഹങ്ങൾ ആചാരപരമായ ചടങ്ങുകളോടെ നടത്തിയില്ലെങ്കിൽ അംഗീകരിക്കാൻ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഹിന്ദു വിവാഹം ഒരു സംസ്‌കാരത്തിന്റെ ഭാഗമാണെന്നും 1955-ലെ ഹിന്ദു വിവാഹ നിയമ പ്രകാരം, ശരിയായ ആചാരപരമായ ചടങ്ങുകളില്ലാതെ നടത്തുന്ന വിവാഹം അംഗീകരിക്കാൻ സാധിക്കില്ല എന്നുമാണ് ജസ്റ്റിസുമാരായ ബി വി നാഗരത്ന, അഗസ്റ്റിൻ ജോർജ് മാസിഹ് എന്നിവരടങ്ങിയ ബെഞ്ച് വിധിച്ചിരിക്കുന്നത്.
തന്റെ വിവാഹമോചനക്കേസ് ബീഹാറിലെ മുസാഫർപൂരിൽ നിന്ന് ജാർഖണ്ഡിലെ റാഞ്ചിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് ഒരു സ്ത്രീ സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതി വിധി പറഞ്ഞത്. ഹിന്ദു മാര്യേജ് ആക്ടിൽ പറയുന്ന ആചാരങ്ങളില്ലാതെ ദമ്പതികൾ ഉത്തർപ്രദേശിൽ വെച്ച് വിവാഹം രജിസ്റ്റർ ചെയ്ത സംഭവമായിരുന്നു ഹർജിക്കടിസ്ഥാനം.
വിസയ്ക്ക് അപേക്ഷിക്കുന്നത് ഉൾപ്പെടെ ചില പ്രായോഗിക ആവശ്യങ്ങൾക്കായി വിവാഹങ്ങൾ രജിസ്റ്റർ ചെയ്യുന്ന ദമ്പതികളുടെ എണ്ണം വർധിച്ചുവരികയാണെന്ന് കോടതി നിരീക്ഷിച്ചു. ആചാരപ്രകാരം പിന്നീട് വിവാഹം ചെയ്യാനാണ് ഇത്തരക്കാർ തീരുമാനിക്കുന്നത്. എന്നാൽ ഭാവിയിൽ അത്തരത്തിലുള്ള വിവാഹം നടന്നില്ലെങ്കിൽ എന്തായിരിക്കും അനന്തരഫലങ്ങൾ? ഇത്തരക്കാർക്ക് ജനിക്കുന്ന കുട്ടികൾ സമൂഹത്തിൽ ദുർബലരായിരിക്കില്ലേ എന്നും കോടതി ചോദിച്ചു.
ഹിന്ദു വിവാഹം ഒരു സംസ്‌കാരമാണ്, സമൂഹത്തിൽ അതിന് വലിയ മൂല്യം കൽപ്പിച്ച് നൽകിയിട്ടുണ്ട്. യുവതീ യുവാക്കൾ വിവാഹത്തിലേക്ക് പ്രവേശിക്കുന്നതിന് മുമ്പുതന്നെ ഇന്ത്യൻ സമൂഹത്തിൽ വിവാഹം എത്രത്തോളം പവിത്രമാണ് എന്നതിനെ കുറിച്ച് ആഴത്തിൽ ചിന്തിക്കാൻ തങ്ങൾ അഭ്യർത്ഥിക്കുന്നതായും ബെഞ്ച് പറഞ്ഞു.
”വിവാഹം എന്നത് വാണിജ്യപരമായ ഇടപാടല്ല. സമൂഹത്തിന് അടിത്തറപാകുന്ന കുടുംബം എന്ന ഘടനയിലേക്ക് യുവാവും യുവതിയും കടക്കുന്ന നിമിഷത്തെ ആഘോഷിക്കുന്നതാണ്. ഹിന്ദു വിവാഹം കുടുംബങ്ങൾ തമ്മിലുള്ള ബന്ധത്തെ ഊട്ടിയുറപ്പിക്കുകയും വിവിധ വിഭാഗങ്ങൾ തമ്മിലുള്ള സാഹോദര്യം ദൃഢമാക്കുകയും ചെയ്യുന്നു. എല്ലാത്തിനുപരി വിവാഹ പവിത്രമാണ്, കാരണം രണ്ട് വ്യക്തികൾ തമ്മിലുള്ള ആജീവനന്തകാല പരസ്പര ബന്ധത്തിന് അത് മാന്യതയും ഐക്യവും നൽകുന്നു. പ്രത്യേകിച്ചും ആചാരങ്ങളും ചടങ്ങുകളും നടത്തുമ്പോൾ വ്യക്തിക്ക് നിർവൃതി നൽകുന്ന ഒരു സംഭവമായി ഇത് കണക്കാക്കപ്പെടുന്നു”, കോടതി നിരീക്ഷിച്ചു.
Discussion about this post