ഫീലിങ്ങ്സ് ഇല്ലാത്ത മനുഷ്യരുണ്ടോ എന്ന് നമ്മൾ ചോദിക്കാറില്ലേ അതേപോലെ തന്നെ ഇനി കോഴികളോടും ചോദിക്കേണ്ടി വരും നിങ്ങൾക്ക് ഫീലിങ്ങ്സ് ഇല്ലേ എന്ന്. സന്തോഷമായാലും സങ്കടമായാലും അത് വ്യത്യസ്ത ഭാവങ്ങളിലൂടെ കൃത്യമായി പ്രകടിപ്പിക്കാൻ മനുഷ്യന് സാധിക്കും എന്നാൽ മനുഷ്യൻ മാത്രമല്ല, കോഴികളും വികാരജീവികളാണെന്ന് കണ്ടെത്തിയിരിക്കുകയാണ് ഒരു പഠനം. അതായത്, കോഴികളുടെ മുഖത്ത് നോക്കി അവയുടെ വികാരം എന്താണെന്ന് നമുക്ക് മനസിലാക്കാൻ സാധിക്കുമെന്ന് ചുരുക്കം.
കോഴികളുടെ മുഖത്ത് വരുന്ന നിറങ്ങളിലൂടെയാണ് കോഴിയുടെ വികാരത്തെ മനസിലാക്കാൻ സാധിക്കുക വളരെയധികം വിഷമത്തിലൂടെ കടന്നു പോകുന്ന സാഹചര്യങ്ങളിൽ അവയുടെ മുഖം കൂടുതൽ ചുവപ്പ് നിറത്തിൽ കാണപ്പെടുന്നു. അഗ്രികൾച്ചറൽ സയൻസുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഐഎൻആർഎഇയിലെ ഗവേഷണ സംഘമാണ് കോഴികളെ പറ്റിയുള്ള പഠനം നടത്തിയത്.
സന്തോഷം, ഉത്സാഹം, സങ്കടം, ഭയം തുടങ്ങിയ വ്യത്യസ്ത വികാരങ്ങളിലൂടെ കോഴികളും കടന്നു പോകുന്നുണ്ട്. ഇവയെല്ലാം പ്രതിഫലിക്കുന്നത് അവയുടെ മുഖത്തിലാണ്. സമ്മർദ്ദങ്ങളൊന്നുമില്ലാതെ സന്തോഷത്തോടെയിരിക്കുന്ന അവസരങ്ങളിൽ മുഖത്തിന് ഇളം പിങ്ക് നിറമായിരിക്കും.എന്നാൽ ഭയം, ഉത്സാഹം തുടങ്ങിയവ അനുഭവപ്പെടുമ്പോൾ ചുവപ്പു നിറമായി മാറുകയും ചെയ്യുന്നു.
മൂന്നു മുതൽ നാലുമാസംവരെ പ്രായമുള്ള സസ്സെക്സ് ഇനത്തിൽപ്പെട്ട കോഴികളിലാണ് പഠനം നടത്തിയത്. ഓരോ അവസ്ഥയിലും കോഴികൾ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയാനായി വ്യത്യസ്ത സാഹചര്യങ്ങളിൽ കൂടി അവ കടന്നുപോകാനുള്ള അവസരം ഒരുക്കിയിരുന്നു. ചില സമയങ്ങളിൽ അവയ്ക്ക് ആവശ്യത്തിനുള്ള ഭക്ഷണം നൽകി. മറ്റു ചില സമയങ്ങളിൽ പെട്ടന്ന് പിടികൂടാൻ ശ്രമിച്ചു. ഈ സമയങ്ങളിലെ അവയുടെ ഭാവപ്രകടനങ്ങൾ തിരിച്ചറിയാനായി പതിനെണ്ണായിരം ചിത്രങ്ങളാണ് പകർത്തിയത്. ഇമേജറി സോഫ്റ്റ്‌വെയറുകളുടെ സഹായത്തോടെ മുഖത്തെ നിറത്തിന്റെ വ്യത്യാസം എത്രത്തോളം ഉണ്ടെന്ന് വിശകലനം ചെയ്യുകയായിരുന്നു.
ഈ നിറവ്യത്യാസത്തിന് പിന്നിലെ കാരണവും ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. വ്യത്യസ്ത മനോവികാരങ്ങളിലൂടെ കടന്നു പോകുമ്പോൾ രക്തയോട്ടത്തിൽ ഉണ്ടാകുന്ന മാറ്റമാണ് മുഖത്തിലെ നിറം മാറ്റത്തിന് കാരണമാകുന്നത്. ഭയമോ വിഷമമോ തോന്നുന്ന സാഹചര്യങ്ങളിൽ മുഖഭാഗത്തേക്കുള്ള രക്തയോട്ടം ക്രമാതീതമായി വർധിക്കും ശാന്തമായിരിക്കുന്ന അവസരങ്ങളിൽ രക്തയോട്ടം സ്വാഭാവിക രീതിയിൽ തുടരുകയും ചെയ്യും. കോഴികളുടെ മുഖത്തിന് ചുറ്റുമുള്ള ചർമം മൃദുലമാണ്.അതുകൊണ്ട് തന്നെ രക്തയോട്ടത്തിലെ ഈ വ്യതിയാനം വളരെ വേഗത്തിൽ ദൃശ്യമാവുകയും ചെയ്യുന്നു. കോഴികളിൽ മാത്രമല്ല ഫീലിങ്ങ്സ് ഉള്ളത് മറ്റ് പല പക്ഷികൾക്കും മൃഗങ്ങൾക്കും ഇത്തരത്തിൽ വികാരങ്ങൾ പ്രകടിപ്പിക്കാൻ കഴിയുമെന്ന് കണ്ടെത്തിയിരുന്നു.
Discussion about this post