തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരന്. മകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടും മുഖ്യമന്ത്രി ജാഗ്രത പുലര്‍ത്തിയില്ലെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹം പിണറായി വിജയനെതിരെ രംഗത്തെത്തിയത്.
കോവിഡ് പോസിറ്റീവായ മകള്‍ താമസിച്ച അതേ വീട്ടില്‍ നിന്നാണ് പിണറായി വിജയന് നിരവധി പേരെ ഒപ്പം കൂട്ടി പ്രകടനമായി വോട്ട് ചെയ്യാന്‍ വന്നതെന്ന് മുരളീധരന് പറഞ്ഞു. ഏപ്രില്‍ നാലിന് ധര്‍മ്മടത്ത് റോഡ് ഷോ നടത്തുമ്പോള്‍ തന്നെ പിണറായി വിജയന് രോഗബാധിതനായിരുന്നു എന്നാണ് മാധ്യമങ്ങള്‍ പറയുന്നത്. രോഗം സ്ഥിരീകരിച്ച് ആശുപത്രിയിലേക്കുള്ള യാത്രയില്‍ സ്റ്റാഫിനെ അതേ വാഹനത്തില്‍ കയറ്റിയായിരുന്നു മുഖ്യമന്ത്രിയുടെ യാത്രയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കൊവിഡ് നെഗറ്റീവ് ആയ ശേഷവും ഏഴ് ദിവസം സമ്പര്‍ക്ക വിലക്ക് അനിവാര്യമാണ്. മുഖ്യമന്ത്രിയുടെ ആശുപത്രിയില്‍ നിന്നുള്ള മടക്കം ആഘോഷമാക്കിയതിനെയും അദ്ദേഹം കുറ്റപ്പെടുത്തി. കരുതലും ജാഗ്രതയുമെല്ലാം ഉസ്മാനും പ്രവാസികള്‍ക്കും നാട്ടുകാര്‍ക്കും മാത്രമല്ല മുഖ്യമന്ത്രിയ്ക്കും ബാധകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
Discussion about this post