തിരുവനന്തപുരം/കോഴിക്കോട്: ദേശീയ അഗ്നിരക്ഷാ വാരാഘോഷത്തിന്റെ ഭാഗമായി ഇന്നു രാവിലെ സംസ്ഥാന അഗ്നിരക്ഷാ വകുപ്പിന്റെയും കേരള സിവില്‍ ഡിഫന്‍സിന്റെയും ആഭിമുഖ്യത്തില്‍ തിരുവനന്തപുരം, കോഴിക്കോട് എന്നിവടങ്ങളില്‍ നിന്നും സൈക്ലത്തോണുകള് ആരംഭിച്ചു. ദേശീയ ഫയര്‍ സര്‍വീസ് ഡേയുടെ ഭാഗമായി അഗ്നിസുരക്ഷയും മുന്‍കരുതലുകളുമായി ബന്ധപ്പെട്ട ബോധവല്‍ക്കരണത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു വനിതകള്‍ ഉള്‍പ്പെടെയുള്ള സിവില്‍ ഡിഫന്‍സ് വോളന്റിയര്‍മാരും സൈക്ലത്തോണില്‍ പങ്കെടുക്കുന്നുണ്ട്.
കോഴിക്കോട് മീന്‍ചന്ത ഫയര്‍ സ്റ്റേഷനില്‍ ഇന്ന് രാവിലെ നടന്ന ചടങ്ങില്‍ റീജനല്‍ ഫയര്‍ ഓഫീസര്‍ ടി. രജീഷ് സൈക്ലത്തോണിന്റെ ഫ്ലാഗ് ഓഫ് നിര്‍വഹിച്ചു. ചടങ്ങില്‍ ഡിഎഫ്ഒ മൂസ വടക്കേതില്‍, സ്റ്റേഷന് ഓഫീസര്‍ ടി.വി. വിശ്വാസ്, സിവില്‍ ഡിഫന്‍സ് ചീഫ് വാര്ഡന് സിനീഷ്, എറണാകുളം ഡിവിഷനല്‍ വാര്ഡന് ബിനു മിത്രന് തുടങ്ങിയവര്‍ പങ്കെടുത്തു. കൊച്ചി ഐഎഡബ്ലുസിആര് ഡയറക്ടറും റീജനല്‍ ഫയര്‍ ഓഫീസറുമായ എം.ജി. രാജേഷ് ആണ് കോഴിക്കോട് നിന്നുള്ള സൈക്ലത്തോണ്‍ ടീമിന്റെ റൈഡ് കമാന്‍ഡര്‍. കൊച്ചി ഐഎഡബ്ല്യുസി ആര് സ്റ്റേഷന് ഓഫീസര്‍ പ്രേംനാഥ് റൈഡ് ലീഡറായും ഒപ്പമുണ്ട്.
ഇവരോടൊപ്പം അഗ്നിരക്ഷാ വകുപ്പിലെയും സിവില്‍ ഡിഫന്‍സിലെയും സൈക്കിളിസ്റ്റുകള്‍ പങ്കെടുക്കുന്ന സൈക്ലത്തോണുകള് വിവിധ ജില്ലകളിലൂടെ സഞ്ചരിച്ച് 17ന് രാവിലെ കൊച്ചിയില്‍ സംഗമിക്കും.












