ബ്രസീലിയ: ലാറ്റിനമേരിക്കന്‍ രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാക്കിയത് ബ്രസീലിലെ കൊറോണ വൈറസ് വകഭേദമായ P1 ആണെന്ന് റിപ്പോര്‍ട്ട്. ആന്റിബോഡികളില്‍ നിന്ന് രക്ഷപ്പെടാന്‍ കഴിയുന്ന തരത്തിലുള്ളതാണ് ഈ വൈറസ് എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ബ്രസീലില്‍ നിന്ന് പുറപ്പെട്ട രണ്ടാം വകഭേദം പ്രധാനമായും ചെറുപ്പക്കാരായ ആളുകളെയാണ് പ്രതികൂലമായി ബാധിക്കുന്നത്. ആശുപത്രിയില്‍ നിന്നുള്ള രേഖകള്‍ പരിശോധിക്കുമ്പോള്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരില്‍ ഭൂരിഭാഗവും 40 വയസിനും അതില്‍ താഴെയും പ്രായമുള്ളവരാണ്.
യഥാര്‍ത്ഥ കൊറോണ വൈറസിനേക്കാള്‍ P1 വകഭേദത്തിന് 2.5 മടങ്ങ് കൂടുതല്‍ പകരാനുള്ള ശേഷിയും ആന്റി ബോഡികളെ പ്രതിരോധിക്കാനുമുള്ള ശേഷിയും ഉണ്ടെന്ന് പഠനങ്ങള്‍ പറയുന്നു. വൈറസ് പടരുന്നത് തടയാനായി ബ്രസീലില്‍ നിന്നുള്ള എല്ലാ വിമാന സര്‍വീസുകളും ഫ്രാന്‍സ് നിര്‍ത്തിവച്ചു.
ഈ വകഭേദം വളരെ വേഗമാണ് ബ്രസീലില്‍ പടര്‍ന്ന് പിടിച്ചത്. രാജ്യത്തെ രോഗ വ്യാപനം മൂന്നരക്ഷം വരെ കടന്നു. രണ്ടാം തരംഗത്തിന് പിന്നില്‍ p1 വകഭേദമാണെന്ന് കരുതപ്പെടുന്നു. ലോകത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്തത് ബ്രസീലിലാണ്.












