തിരുവനന്തപുരം : സംസ്ഥാനത്ത് വേനൽ ചൂട് കടുക്കുന്ന സാഹചര്യത്തിൽ കുഞ്ഞുങ്ങളെ അങ്കണവാടികളിലേക്ക് വരാൻ നിർബന്ധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ഹാജർ രേഖപ്പെടുത്തുന്നതിൽ കർക്കശ നിലപാട് പാടില്ലെന്നും കമ്മീഷൻ വ്യക്തമാക്കി. കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും കടുത്ത ചൂടും തുടരുന്നത് പരിഗണിച്ചാണ് ഈ തീരുമാനം. പോഷകാഹാരങ്ങൾ ഉൾപ്പെടെയുള്ള കുട്ടികളുടെ ആനുകൂല്യങ്ങൾ വീടുകളിൽ എത്തിച്ചു നൽകണമെന്നും ബാലാവകാശ കമ്മീഷൻ വ്യക്തമാക്കി.
കടുത്ത ചൂടുള്ള സമയങ്ങളിൽ കുട്ടികളെ അങ്കണവാടികളിലേക്ക് അയക്കണോ എന്നത് രക്ഷിതാക്കളുടെ തീരുമാനത്തിന് വിട്ടുനൽകണം. ഇതിന്റെ പേരിൽ കുട്ടികളെ സമ്മർദ്ദത്തിലാക്കരുത്. നിലവിൽ സ്കൂൾ അവധിക്കാല ക്ലാസുകൾക്കും ട്യൂഷൻ സെന്ററുകൾക്കും രാവിലെ 7:30 മുതൽ 10:30 വരെ മാത്രമേ അനുമതിയുള്ളൂ. സമാനമായ രീതിയിൽ കുട്ടികളുടെ ആരോഗ്യം പരിഗണിച്ച് നിയന്ത്രണങ്ങൾ പാലിക്കണം എന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചു.
അങ്കണവാടികൾക്കുള്ളിൽ വായുസഞ്ചാരം ഉറപ്പാക്കണം. ഫാനുകൾ പ്രവർത്തിക്കുന്നുണ്ടെന്നും കുടിവെള്ള ലഭ്യത ഉണ്ടെന്നും ഉറപ്പുവരുത്തണം. കുട്ടികൾ അങ്കണവാടികളിൽ എത്തിയില്ലെങ്കിലും അവർക്ക് ലഭിക്കേണ്ട അമൃതം പൊടി അടക്കമുള്ള പോഷകാഹാരങ്ങൾ മുടങ്ങാതെ വീട്ടിലെത്തിക്കാൻ അങ്കണവാടി വർക്കർമാർ ശ്രദ്ധിക്കണം എന്നും കമ്മിഷൻ അറിയിച്ചു.









