കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ നിയമസഭ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കോവിഡ് ബാധിച്ച് മരിച്ചു. മുര്‍ഷിദാബാദിലുള്ള സംഷേര്‍ഗഞ്ച് മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥി റെസൗള്‍ ഹഖാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്.
ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടതോടെയാണ് റെസൗള്‍ ഹഖിനെ കഴിഞ്ഞ ദിവസം ജംഗിപൂരിലുള്ള ഒരു സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് അദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. രാത്രിയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ കൊല്‍ക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു.
കോണ്‍ഗ്രസ് സംസ്ഥാനഘടകം റെസൗള്‍ ഹഖിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി. ഏപ്രില്‍ 26നായിരുന്നു സംഷേര്‍ഗഞ്ചില്‍ വോട്ടെടുപ്പ് നിശ്ചയിച്ചിരുന്നത്. ബംഗാള്‍ തെരഞ്ഞെടുപ്പിന്റെ ഏഴാം ഘട്ടത്തിലാണ് മണ്ഡലത്തില്‍ വോട്ടെടുപ്പ് നടക്കുക.
Discussion about this post