ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും പരാതിക്കാരി പറഞ്ഞു.
പരാതി നൽകി അഞ്ച് ദിവസം ആയിട്ടും പൊലീസ് നടപടി എടുക്കുന്നില്ലെന്നും സാങ്കേതിക കാരണങ്ങൾ പറഞ്ഞ് അമ്പലപ്പുഴ ആലപ്പുഴ സ്റ്റേഷനുകളിൽ പരാതി തട്ടി കളിക്കുകയാണെന്നുമാണ് പരാതിക്കാരിയുടെ ആക്ഷേപം.
അതേസമയം മന്ത്രി ജി സുധാകരനെതിരെ മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ഭാര്യ പരാതി നൽകിയത് സിപിഎമ്മിൽ കടുത്ത വിഭാഗീയത ഉണ്ടാക്കിയിട്ടുണ്ട് എന്നാണ് സൂചന. വിഷയത്തിൽ പാർട്ടി രണ്ട് തട്ടിലാണ്. പൊതുവിൽ മന്ത്രിയെ ന്യായീകരിക്കുന്ന പലരും രഹസ്യമായി മന്ത്രിക്കെതിരാണെന്നാണ് റിപ്പോർട്ട്. പാർട്ടി നടത്തിയ അനുനയ നീക്കങ്ങൾ പോലും അവഗണിച്ച് മുൻ പേഴ്സണൽ സ്റ്റാഫ് അംഗത്തിൻ്റെ ഭാര്യ മന്ത്രി ജി സുധാകരനെതിരെ വിട്ട് വീഴ്ച ഇല്ലാതെ നീങ്ങുന്നത് സിപിഎമ്മിനെ കടുത്ത പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.











