ഡൽഹി: കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വാക്സിൻ കയറ്റുമതി നിർത്തലാക്കാൻ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്രസർക്കാർ വ്യക്തമാക്കി. ഇതിന്റെ അർത്ഥം ഇന്ത്യയിലെ ജനങ്ങൾക്ക് അർഹമായ വാക്സിൻ നിഷേധിക്കപ്പെടുമെന്നല്ല. ഇന്ത്യയിലെ ജനങ്ങൾക്ക് വേണ്ടുന്ന വാക്സിൻ നിശ്ചയമായും ലഭ്യമാക്കുമെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ വിദേശ രാജ്യങ്ങളിലേക്കുള്ള വാക്സിൻ കയറ്റുമതി നിർത്തലാക്കണമെന്ന പ്രതിപക്ഷത്തിന്റെ ആവശ്യം ബാലിശമാണെന്നും അത് ഇടുങ്ങിയ സ്വാർത്ഥ ചിന്തയാണെന്നും വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കർ പറഞ്ഞു.
ഇപ്പോൾ ഇന്ത്യ വാക്സിൻ കയറ്റുമതി നിർത്തിയാൽ മറ്റുള്ള മുൻനിര രാജ്യങ്ങളും അത് പോലെ ചെയ്യും. അതോടെ ദരിദ്ര രാജ്യങ്ങളിലെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ അവതാളത്തിലാവും. അത് പ്രത്യക്ഷമായി ലോകത്തെ ആകമാനം ബാധിക്കും.
സ്വാർത്ഥത നമ്മുടെ സംസ്കാരമല്ല. പ്രതിപക്ഷത്തിന്റെ ഇടുങ്ങിയ ചിന്താഗതി സാർവദേശീയ മാനവികതാ സങ്കൽപ്പത്തിന് വിരുദ്ധമാണ്. നമ്മുടെ രാജ്യത്ത് വിതരണം ചെയ്യുന്ന പ്രധാനപ്പെട്ട ഒരു വാക്സിൻ വിദേശ നിർമ്മിതമാണ്. അവർ നമുക്ക് വാക്സിൻ നൽകാൻ വിമുഖത കാട്ടിയാൽ എന്താകും ഫലമെന്ന് ചിന്തിച്ചിട്ടുണ്ടോയെന്നും കേന്ദ്ര മന്ത്രി ചോദിച്ചു.
Discussion about this post