ലഖ്നൗ: ഉത്തർ പ്രദേശിലെ സർക്കാർ, സ്വകാര്യ മേഖലകളിലെ കോവിഡ് ആശുപത്രികളിൽ ഓക്സിജൻ ക്ഷാമം ഇല്ലെന്ന് വിവിധ ദിനപത്രങ്ങളുടെ പത്രാധിപന്മാരുമായി നടത്തിയ വെർച്വൽ യോഗത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഓക്സിജൻ ഓഡിറ്റ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
“സർക്കാർ മേഖലയിലെയോ സ്വകാര്യ മേഖലയിലെയോ ഒരു കോവിഡ് ആശുപത്രിയിൽ പോലും ഓക്സിജൻ ക്ഷാമം ഇല്ല. പ്രശ്നം കരിഞ്ചന്തയും പൂഴ്ത്തിവെപ്പുമാണ്. ഇവയെ കർശനമായി നേരിടും. ഐ.ഐ.ടി. കാൺപുർ, ഐ.ഐ.എം. ലഖ്നൗ, ഐ.ഐ.ടി. ബി.എച്ച്.യു. എന്നിവിടങ്ങളുമായി സഹകരിച്ച് ഓക്സിജൻ ഓഡിറ്റ് നടത്തും” യോഗി ആദിത്യനാഥ് വ്യക്തമാക്കി.
ഓക്സിജന്റെ ആവശ്യകത, വിതരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട് ലൈവ് ട്രാക്കിങ് സംവിധാനം നടപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു.
കൊറോണ വൈറസിനെതിരായ പ്രതിരോധത്തിൽ വീഴ്ച വരുത്തരുതെന്ന് ജനങ്ങളോട് അഭ്യർഥിച്ച അദ്ദേഹം, കോവിഡിനെ സാധാരണ വൈറൽ പനിയെന്ന രീതിയിൽ കണക്കാക്കിയാൽ അത് വലിയ തെറ്റാണെന്നും ചൂണ്ടിക്കാട്ടി.
Discussion about this post