ഡൽഹി: മുതിർന്ന അഭിഭാഷകനും മുൻ അറ്റോർണി ജനറലും പദ്മവിഭൂഷൺ ജേതാവുമായ സോളി സൊറാബ്ജി അന്തരിച്ചു. കൊവിഡ് ബാധയെ തുടർന്ന് വെള്ളിയാഴ്ച രാവിലെയായിരുന്നു അന്ത്യം.
രോഗബാധയെ തുടർന്ന് ഡൽഹിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. 91 വയസ്സായിരുന്നു.
1953ൽ ബോംബെ ഹൈക്കോടതിയിൽ അഭിഭാഷകനായി ഔദ്യോഗിക ജീവിതം ആരംഭിച്ച സൊറാബ്ജി 1971ൽ സുപ്രീം കോടതിയിലെ അഭിഭാഷകനായി. 1989-90 കാലഘട്ടത്തിലും 1998-2004 കാലഘട്ടത്തിലും ഇന്ത്യയുടെ അറ്റോർണി ജനറലായിരുന്നു.
1997ൽ നൈജീരിയയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ഐക്യരാഷ്ട്ര സഭ അദ്ദേഹത്തെ പ്രത്യേകമായി നിയോഗിച്ചിരുന്നു. തുടർന്ന് 1998-2004 കാലഘട്ടത്തിൽ ഐക്യരാഷ്ട്ര മനുഷ്യാവകാശ പ്രചാരക സംരക്ഷണ ഉപസമിതിയിൽ അംഗവും അധ്യക്ഷനുമായി.
അഭിപ്രായ സ്വാതന്ത്ര്യത്തിന് വേണ്ടിയും മനുഷ്യാവകാശ സംരക്ഷണത്തിന് വേണ്ടിയും അദ്ദേഹം നടത്തിയ പോരാട്ടങ്ങളെ മാനിച്ച് 2004ൽ രാജ്യം അദ്ദേഹത്തിന് രണ്ടാമത്തെ പരമോന്നത ബഹുമതിയായ പദ്മവിഭൂഷൺ നൽകി ആദരിച്ചു.









